കോട്ടയം: പൊൻകുന്നം ചിറക്കടവ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ കർക്കിടക വാവ് ദിനത്തിൽ നടന്ന മീനരി വഴിപാടിൽ പങ്കെടുത്ത് ഭക്‌തർ. രോഗ ശമനത്തിനായാണ് ഭക്‌തർ ഇവിടെ വഴിപാട് നടത്തുന്നത്. എല്ലാ ദിവസവും മീനരി വഴിപാട് നടത്തുന്നുണ്ടെങ്കിലും കർക്കടക വാവ് ദിനത്തിലെ വഴിപാടിനാണ് പ്രാധാന്യമെന്ന് ദേവസ്വം സെക്രട്ടറി പ്രസാദ് പറയുന്നു.
ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിലെ ചിറയിലെ മത്സ്യങ്ങളെയാണ് ഊട്ടുന്നത്. മഹാദേവൻ്റെ മത്സ്യങ്ങൾക്ക് ഭക്ഷണം നൽകിയാൽ രോഗശമനവും പിതൃപുണ്യവും ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് മീനൂട്ട് നടത്തുന്നതെന്ന് ഭക്തർ പറയുന്നു. എല്ലാ വർഷവും വാവ് ദിനത്തിൽ നൂറുകണക്കിന് ഭക്തരാണ് വഴിപാട് നടത്തുന്നതിനായി ക്ഷേത്രത്തിൽ എത്തുന്നത്.