കോട്ടയം: മന്ത്രി റോഷി അഗസ്റ്റിന് എസ്‌കോര്‍ട്ട് പോയ പൊലീസ് വാഹനത്തിന്‍റെ ഹോണടി കേട്ട് വെട്ടിച്ച് മാറ്റിയ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. കോട്ടയം കാരാപ്പുഴ ഇല്ലത്തുചിറയില്‍ അശോകനാണ് (34) പരിക്കേറ്റത്. ഇയാള്‍ മദ്യലഹരിലായിരുന്നുവെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായെന്ന് പൊലീസ് അറിയിച്ചു. അശോകനെ ജില്ല ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്‌ച വൈകിട്ട് ഏഴ് മണിയോടെ ടിബി റോഡില്‍ കല്യാണ്‍ സില്‍ക്‌സിന് സമീപമായിരുന്നു അപകടം. കെഎസ്ആര്‍ടിസി ഭാഗത്ത് നിന്നും ടിബി റോഡ് ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ എസ്‌കോര്‍ട്ട് പോയ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ജീപ്പിന്‍റെ ഹോണടി കേട്ട് വെട്ടിച്ച് മാറ്റുകയായിരുന്നു. റോഡരികിലെ സ്ലാബില്‍ കയറി നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ റോഡിലേക്ക് തന്നെ മറിയുകയായിരുന്നു. ഇയാൾക്ക് ഗുരുതരമായ പരിക്കുകളില്ല. അപകടത്തെ തുടര്‍ന്ന് 10 മിനിറ്റോളം ടിബി റോഡില്‍ ഗതാഗതം തടസപ്പെട്ടു.