കോട്ടയം: കന്യാസ്‌ത്രീയെ ബലാത്സംഗം ചെയ്‌ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിപ്പകര്‍പ്പ് പുറത്ത്. സാക്ഷിമൊഴികൾക്കപ്പുറം ശാസ്ത്രീയ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റങ്ങൾ തെളിയിക്കാനായില്ലെന്നും വിധിപ്പകർപ്പില്‍ വ്യക്തമാക്കുന്നു.
കന്യാസ്ത്രീയുടെ മൊഴി വിശ്വാസയോഗ്യമല്ല. മൊഴികളിൽ വൈരുധ്യമുണ്ട്. 21 ഇടത്ത് മൊഴികള്‍ക്ക് സ്ഥിരതയില്ല. അതിനാല്‍ അക്കാര്യങ്ങള്‍ മുഖവിലക്കെടുക്കാൻ കഴിയില്ല. കേസ് ഒത്തുതീർപ്പാക്കാൻ പരാതിക്കാരി തയ്യാറായെന്നും വിധിയിലുണ്ട്. ലൈംഗിക പീഡനത്തിന് തയ്യാറാകാത്തതിനാൽ ബിഷപ്പ് പ്രതികാര നടപടി സ്വീകരിച്ചെന്ന് പറഞ്ഞ കന്യാസ്ത്രീ കോടതിയിലെത്തിയപ്പോൾ 13 തവണ ബിഷപ്പ് പീഡിപ്പിച്ചെന്ന് മൊഴിമാറ്റി. ഇരയുടെ മൊഴിയിൽ വസ്‌തുതകൾ പെരുപ്പിച്ചുകാട്ടിയെന്നും പരാമര്‍ശിക്കുന്നു.
Also read: വിതുമ്പലോടെ കന്യാസ്ത്രീകള്‍: 'ഞങ്ങള്‍ക്ക് നീതി ലഭിച്ചില്ല, പോരാടും ഏതറ്റം വരേയും'
പരാതികൾക്ക് പിന്നിൽ കന്യാസ്ത്രീകൾക്കിടയിലെ ശത്രുതയും അധികാരക്കൊതിയുമാണ്. സ്വാർഥ താല്‍പ്പര്യക്കാര്‍ക്ക് ഇര വഴങ്ങിയെന്ന് സംശയമുണ്ട്. മഠത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള നീക്കവും കേസിലേക്ക് നയിച്ചുവെന്ന് 287 പേജുള്ള വിധിപ്പകർപ്പിൽ ചൂണ്ടിക്കാട്ടുന്നു. കോട്ടയം ജില്ല അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ കുറ്റവിമുക്തനാക്കിയത്. ഒറ്റ വാചകത്തിൽ ജഡ്‌ജി ജി ഗോപകുമാർ വിധി പ്രസ്‌താവിക്കുകയായിരുന്നു.
കുറുവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽവച്ച് 2014 മുതൽ 2016വരെയുള്ള കാലയളവിൽ ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പടെ ഏഴ് സുപ്രധാന വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയത്.