കോട്ടയം: യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയതില്‍ രൂക്ഷ വിമര്‍ശനവുമായി ജോസ്.കെ. മാണി. മുന്നണി പുറത്താക്കിയത് കെ.എം മാണിയെയാണ്. 38 വര്‍ഷം യു.ഡി.എഫിനെ സംരക്ഷിച്ച കെ.എം മാണിയുടെ രാഷ്ട്രീയത്തെയാണ് തള്ളിപ്പറഞ്ഞത്. യു.ഡി.എഫിന്‍റേത് രാഷ്ട്രീയ അനീതിയാണ്. പുറത്താക്കലിന് പിന്നില്‍ ബോധപൂർവമായ രാഷ്ട്രീയ അജണ്ടയുണ്ട്. തീരുമാനം സെലക്ടീവ് ഇൻജസ്റ്റിസായി മാറി. പുറത്താക്കിയ വിവരം അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും ജോസ് കെ മാണി പറഞ്ഞു.
ജോസഫ് മുന്നണിയെ എത്രയോ തവണ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചു. പ്രദേശിക തലത്തിൽ യു.ഡി.എഫിനെ തകർക്കുന്ന നിലപാടെടുക്കുന്നത് ജോസഫ് വിഭാഗമാണ്. പാലായില്‍ തോല്‍പ്പിക്കാനും ശ്രമിച്ചു. ജോസഫിനെ ആയിരം വട്ടം പുറത്താക്കേണ്ടി വരും. ജില്ലാ പഞ്ചായത്തിൽ ഇല്ലാത്ത ധാരണയുണ്ടന്ന് പ്രഖ്യാപിച്ച് ആ ധാരണയിൽ രാജിവെക്കണമെന്ന ആവശ്യം എങ്ങനെ അംഗീകരിക്കും. രാഷ്ട്രീയ നിലപാട് നാളത്തെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനിക്കുമെന്നും ജോസ് കെ മാണി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.