കോട്ടയം: ലോക്ക്ഡൗൺ ദിവസങ്ങളിലും ഡ്രൈ ഡേയിലും വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന നൂറ് ലിറ്ററിലധികം വിദേശ മദ്യം പൊലീസ് പിടികൂടി. 211 കുപ്പിയിലായി 105.5 ലിറ്റർ വിദേശ മദ്യവുമായി പൊൻകുന്നത്തെ ശ്യാം ഹോട്ടൽ ഉടമ കൂരാലി അരീപ്പാറയ്ക്കൽ ശരത്തിനെയാണ് (30) പൊൻകുന്നം പൊലീസ് പിടികൂടിയത്.
ഡ്രൈ ഡേ ദിവസങ്ങളിലും ലോക്ക്‌ഡൗൺ സമയത്തും വിൽക്കുന്നതിനായി നേരത്തെ തന്നെ ബിവറേജുകളിൽ നിന്ന് മൂന്നു ലിറ്റർ വീതം മദ്യം വാങ്ങി ഇയാൾ സൂക്ഷിക്കുമായിരുന്നു. ഇതിന് ശേഷം മദ്യം ലഭിക്കാത്ത ദിവസങ്ങളിൽ കൂടിയ വിലയ്ക്ക് മദ്യം വിതരണം ചെയ്യുകയായിരുന്നു പതിവ്. 420 രൂപ വിലയുള്ള ഒരു കുപ്പി മദ്യം 600 രൂപയ്ക്കാണ് ഇയാൾ വിറ്റിരുന്നത്.
കഴിഞ്ഞ ഞായറാഴ്‌ച ലോക്ക്‌ഡൗൺ ദിവസം ഇയാൾ മദ്യം വിതരണം ചെയ്‌തിരുന്നതായി പൊലീസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ജില്ലാ പൊലീസ് മേധാവി ഡി.ശില്‌പയുടെ നിർദേശാനുസരണം കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി എൻ.ബാബുക്കുട്ടന്‍റെ നേതൃത്വത്തിൽ ദിവസങ്ങളായി പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതേ തുടർന്നാണ് ലോക്ക് ഡൗൺ ദിവസമായ ഞായറാഴ്‌ച മദ്യം സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയത്.
ഞായറാഴ്‌ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഇയാളുടെ ഉടമസ്ഥതയിലുള്ള ശ്യാം ഹോട്ടൽ റെയ്‌ഡ് ചെയ്‌ത് മദ്യം പിടിച്ചെടുക്കുകയായിരുന്നു.
ALSO READ: പരീക്ഷ ഫീസടയ്ക്കാനായില്ല; പാലക്കാട് ബികോം വിദ്യാർഥി ജീവനൊടുക്കി