കോട്ടയം: കന്യാസ്‌ത്രീയെ ബലാത്സംഗം ചെയ്‌ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരായ ആരോപണം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ സിഎസ് അജയൻ. ബലാത്സംഗം നടന്നുവെന്ന മെഡിക്കൽ കോളജ് ആശുപത്രിയുടെ രേഖയിൽ തിരുത്തൽ നടത്തിയതായി കോടതി കണ്ടെത്തി. അതിനാൽ തന്നെ മറ്റ് തെളിവുകൾ കോടതിക്ക് വിശ്വാസ യോഗ്യമായില്ലെന്നും അദ്ദേഹം പറഞ്ഞു.
ബലാത്സംഗം നടന്നുവന്ന് കന്യാസ്ത്രീ ബിഷപ്പ് ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവരോട് പറഞ്ഞു എന്ന വാദം തെളിയിക്കാനായില്ല. കന്യാസ്ത്രീ ഇതെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നാണ് ഇവർ കോടതിയിൽ മൊഴി നൽകിയിരുന്നത്.
ഒരു മാധ്യമത്തിൽ വന്ന ഇന്‍റർവ്യൂവിൽ സിസ്റ്റർ അനുപമ കേസ് കൊടുത്തു കഴിഞ്ഞാണ് ഇതേക്കുറിച്ച് അറിഞ്ഞതെന്ന് പറഞ്ഞത് കോടതി മുഖവിലയ്‌ക്കെടുത്തു. ഇന്‍റർവ്യു നടത്തിയ റിപ്പോർട്ടറെയും നേരത്തെ വിസ്‌തരിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ബലാത്സംഗം തെളിയിക്കാൻ പറ്റിയ തെളിവുകൾ ഇല്ലെന്ന് കോടതി വ്യക്തമാക്കിയതെന്നും അഭിഭാഷകൻ അറിയിച്ചു.
ALSO READ: കന്യാസ്‌ത്രീയെ ബലാത്സംഗം ചെയ്‌ത കേസ്; ഫ്രാങ്കോ മുളയ്‌ക്കല്‍ കുറ്റവിമുക്തന്‍
അതേസമയം കോടതി വിധി കേട്ട് ദൈവത്തിന് നന്ദി എന്ന് മാത്രമാണ് ഫ്രാങ്കോ മുളയ്‌ക്കൽ പ്രതികരിച്ചത്. ബിഷപ്പിന്‍റെ അനുയായികൾ മധുരം വിതരണം ചെയ്‌ത് വലിയ ആഘോഷപ്രകടനങ്ങളാണ് കോടതിക്ക് പുറത്ത് നടത്തിയത്. വിധി വന്നതിന് തൊട്ടുപിന്നാലെ സത്യം ജയിച്ചുവെന്ന് ജലന്തർ രൂപത പത്രക്കുറിപ്പും പുറത്തു വിട്ടു.