എറണാകുളം: യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേസിൽ പൊലീസിൽ കീഴടങ്ങിയ യൂട്യൂബർ സൂരജ് പാലാക്കാരൻ റിമാൻഡിൽ. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് പതിനാല് ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്‌തത്. ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചു എന്നതായിരുന്നു സൂരജ് പാലാക്കാരനെതിരായ കേസ്.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തതിനെത്തുടർന്ന് സൂരജ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ ഇന്ന് രാവിലെ കീഴടങ്ങിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയത്. സൂരജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
മുൻകൂർ ജാമ്യ ഹർജിയിൽ പരാതിക്കാരിയെ ഹൈക്കോടതി സ്വമേധയ കക്ഷി ചേർത്തിരുന്നു. പ്രതി തന്നെ മോശക്കാരിയായി ചിത്രീകരിക്കാൻ ബോധപൂർവം ശ്രമിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. പ്രത്യാഘാതങ്ങളെ കുറിച്ച് അറിഞ്ഞ് കൊണ്ടാണ് വാർത്ത ചെയ്യുന്നതെന്ന് വിഡീയോയിൽ പരാമർശിക്കുന്നുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും യുവതി കോടതിയെ ബോധിപ്പിച്ചിരുന്നു.
സ്ത്രീത്വത്തെ അപമാനിക്കലിനൊപ്പം, പട്ടിക ജാതി- പട്ടിക വർഗ അതിക്രമ നിരോധന നിയമ പ്രകാരവുമാണ് സൂരജ് പാലാക്കാരനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. ഡിജിറ്റൽ മാധ്യമങ്ങൾ വഴി മോശം പരാമർശം നടത്തുന്നത് കുറ്റകരമാണെന്ന് ഈ കേസിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
READ MORE: യുവതിക്കെതിരെ മോശം പരാമർശം: യൂട്യൂബർ സൂരജ് പാലാക്കാരൻ പൊലീസിൽ കീഴടങ്ങി
ക്രൈം നന്ദകുമാറിനെതിരെ സഹപ്രവർത്തകയായ യുവതി ഗുരുതരമായ ആരോപണങ്ങളുന്നയിച്ചായിരുന്നു പരാതി നൽകിയത്. അശ്ലീല വീഡിയോ ചിത്രീകരിക്കാൻ നിർബന്ധിച്ചു. വഴങ്ങാതെ വന്നപ്പോൾ ഭീഷണിപ്പെടുത്തി. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറി തുടങ്ങിയ പരാതികളിലായിരുന്നു ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തത്.