എറണാകുളം: ഇന്ധന വില വർധനക്കെതിരെ വേറിട്ട പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവർത്തകർ. ഇരുചക്രവാഹനം മണ്ണിൽ കുഴിച്ചുമൂടിയാണ് യൂത്ത് ലീഗ് തൃക്കാക്കര മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചത്. കാക്കനാട് ഓലിമുകൾ ജങ്ഷനിൽ നിന്ന് ഉന്തുവണ്ടിയിൽ കയറ്റി വിലാപയാത്രയായാണ് ഇരുചക്രവാഹനം കുഴിച്ചുമൂടാൻ എത്തിച്ചത്. സീപോർട്ട് റോഡിലെ ഐ.ഒ.സി പെട്രോൾ പമ്പിനു സമീപത്തെ പറമ്പിലാണ് ഇരുചക്രവാഹനം കുഴിച്ചുമൂടിയത്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് തുടര്‍ച്ചയായി വിലയിടിയുമ്പോഴാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പകല്‍ക്കൊള്ളയെന്ന് സമരക്കാർ കുറ്റപ്പെടുത്തി. കൊവിഡ് കാലത്ത് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര നയത്തിലുള്ള പ്രതിഷേധമാണ് സമരമെന്നും പ്രവർത്തകർ വ്യക്തമാക്കി.