എറണാകുളം: മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മരം മുറി വിവാദം മറച്ചു വയ്ക്കാനാണ് കെ സുധാകരനെതിരെ മുഖമന്ത്രി വ്യക്തിപരമായ ആരോപണം ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ ചർച്ച കൊണ്ട് വനം കൊള്ള ഇല്ലാതാവില്ലെന്നും സതീശൻ.
വിവാദങ്ങൾ അനാവശ്യം
മുഖ്യമന്ത്രിക്കെതിരെ അഭിമുഖത്തിൽ താൻ പറയാത്ത കാര്യമാണ് പ്രസിദ്ധീകരിച്ചതെന്ന് കെ സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്. അത്തരമൊരു അഭിമുഖം വന്നപ്പോൾ തന്നെ അദ്ദേഹം തന്നോട് ഈ വിഷയം പറഞ്ഞിരുന്നു. ഇതൊരു വലിയ വിഷയമാണെന്ന് വരുത്തി തീർക്കാനാണ് ശ്രമിക്കുന്നത്. ഇത് കേരളത്തിനാവശ്യമായ ചർച്ചയല്ല. ഇതിവിടെ അവസാനിപ്പിക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്നും വിഡി സതീശൻ പറഞ്ഞു.
സിപിഎമ്മിന് സുധാകരനെ പേടി
കെ സുധാരൻ കെപിസിസി പ്രസിഡന്‍റ് ആയി ചുമതല ഏറ്റെടുത്ത ഉടനെ തന്നെ സിപിഎം നേതാക്കൾ അദ്ദേഹത്തിനെതിരെ വ്യക്തിപരമായ വിമർശനമാണ് ഉന്നയിക്കുന്നത്. സിപിഎം കെ സുധാകരനെ ഭയപ്പെടുന്നുവെന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്. തന്‍റെ രണ്ട് മക്കളെ തട്ടിക്കൊണ്ടുപോകാൻ കെ സുധാകരൻ ശ്രമിച്ചുവെന്ന ഗുരതരമായ ആരോപണം മുഖ്യ മന്ത്രി ഉന്നയിച്ചാൽ അദ്ദേഹത്തിന് മറുപടി പറയാതിരിക്കാൻ കഴിയില്ല. മുഖ്യമന്ത്രി കൊവിഡ് വാർത്താ സമ്മേളനത്തെ ദുരുപയോഗം ചെയ്യുകയാണെന്നു വിഡി സതീശൻ കൂട്ടിച്ചേർത്തു.
ഈ വിവാദം തുടരേണ്ടതില്ലന്നാണ് ഞങ്ങളുടെ അഭിപ്രായം. സമൂഹത്തിനാവശ്യമായ എന്തെല്ലാം കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ട്. ഇത്തരം കാര്യങ്ങൾ മാധ്യമങ്ങൾ ഏറ്റെടുക്കരുതെന്നാണ് തന്‍റെ അഭിപ്രായം. ആ അഭിമുഖത്തിൽ മുഖ്യമന്ത്രിക്കെതിരെ കെസുധാകരൻ ഉന്നയിച്ച് മറ്റ് ആരോപണങ്ങളെ കുറിച്ച് തനിക്ക് അറിയില്ല. താൻ ജനിക്കുന്നതിന് മുമ്പ് നടന്ന സംഭവങ്ങളാണ് അതെന്നും വി.ഡി.സതീഷൻ പറഞ്ഞു.