എറണാകുളം : കെ-റെയിൽ സർവേയിൽ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. റവന്യൂ മന്ത്രിയും കെ-റയിൽ എം.ഡിയും പരസ്‌പര വിരുദ്ധമായ പ്രസ്താവനകളിറക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സാമൂഹ്യാഘാത പഠനത്തിന് കല്ലിടേണ്ടതില്ല.
രണ്ടു ലക്ഷം കോടി രൂപയ്ക്ക് മുകളിൽ ചിലവ് വരുന്ന പദ്ധതിയാണിത്. അനാവശ്യ പദ്ധതി നടപ്പിലാക്കി കേരളത്തെ ശ്രീലങ്കയാക്കി മാറ്റരുതെന്നും വി.ഡി സതീശൻ പറഞ്ഞു. പൊലീസ് സമരക്കാരെ അടിച്ചമർത്താൻ ശ്രമിക്കുകയാണ്. സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകും.
സമരം ചെയ്യുന്നത് ജനങ്ങളാണ്. അവർക്ക് പിന്തുണ നൽകുകയാണ് കോൺഗ്രസ് ചെയ്യുന്നത്. ബി.ജെ.പിയുമായി ചേർന്നുള്ള സമരമെന്നാരോപിച്ച് കോൺഗ്രസിനെ വിരട്ടേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: K Rail | നട്ടാശ്ശേരിയില്‍ വീണ്ടും കല്ലിട്ടു ; പിഴുതെറിഞ്ഞ് പ്രതിഷേധം
സമുദായ സംഘടനകളുടെ പിന്തുണ സമരത്തിനുണ്ട്. വെള്ളാപ്പള്ളിക്ക് അദ്ദേഹത്തിൻ്റെ അഭിപ്രായം പറയാം. എന്നാൽ തുഷാർ വെള്ളാപ്പള്ളിക്ക് ഇതേ അഭിപ്രായമാണോയെന്ന് അദ്ദേഹം പറയണമെന്നും വി.ഡി സതീശൻ പറഞ്ഞു.
കേരളം കെ-റെയിലിന് യോജിച്ചതല്ല : കേരളത്തിലെ മണ്ണിൻ്റെ ഘടന അതിവേഗ ട്രെയിനിന് യോജിച്ചതല്ലെന്ന് മെട്രോമാൻ ഇ. ശ്രീധരനും പറഞ്ഞിട്ടുണ്ട്. താൻ ഈ കാര്യം പറഞ്ഞപ്പോൾ പരിഹാസമായിരുന്നു. സർക്കാർ പൊതുഗതാഗത സംവിധാനമായി സിൽവർലൈനിനെ കാണുന്നു. സർക്കാരിന്‍റെ ശ്രദ്ധ സിൽവർലൈൻ പദ്ധതിയിൽ മാത്രമായി ചുരുങ്ങുകയാണ്.
ബസ് സമരത്തിൽ പ്രതിപക്ഷനേതാവ് : ബസ് സമരം മൂന്നാം ദിവസവും തുടരുകയാണ്. ചർച്ചയ്ക്ക് പോലും സർക്കാർ തയാറാകുന്നില്ല. കുട്ടികളുടെ പരീക്ഷ നടക്കുന്ന സമയത്തെ സമരം ഏറെ പ്രയാസം സൃഷ്‌ടിക്കുകയാണ്.
സജി ചെറിയാൻ മറുപടി പറയണം : സ്വത്ത് സമ്പാദന വിവാദത്തിൽ സജി ചെറിയാൻ മറുപടി പറയണം. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 32 ലക്ഷം രൂപയുടെ സ്വത്തെന്ന് കാണിച്ചത് എങ്ങനെ ഇപ്പോൾ 5 കോടി ആയി മാറിയെന്ന് അദ്ദേഹം ചോദിച്ചു. എത്ര സ്വത്ത് ഉണ്ടെന്ന് പറയേണ്ടത് മന്ത്രി തന്നെയാണ്. തെരഞ്ഞെടുപ്പ് സമയത്ത് കൊടുത്ത സത്യവാങ്‌മൂലം വ്യാജമാണോയെന്ന് വ്യക്തമാക്കണമെന്നും വി.ഡി സതീശൻ പറഞ്ഞു.