എറണാകുളം: കൊച്ചി കപ്പല്‍ശാലയിലേക്ക് ബോംബ് ഭീഷണി. തദ്ദേശീയമായി നിർമിച്ച ഐഎന്‍എസ് വിക്രാന്ത് ബോംബ് വെച്ച് തകര്‍ക്കുമെന്നാണ് ഇ മെയില്‍ സന്ദേശം. നാവികന്‍ എന്ന മെയില്‍ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. കപ്പല്‍ശാല അധികൃതരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് കപ്പലില്‍ വിശദമായ പരിശോധന നടത്തി.
'താന്‍ ആവശ്യപ്പെടുന്ന ബിറ്റ് കോയിന്‍ നല്‍കണം. ഇല്ലെങ്കില്‍ ഐഎന്‍എസ് വിക്രാന്ത് ബോംബ് വെച്ച് തകര്‍ക്കുമെന്നായിരുന്നു ഭീഷണി സന്ദേശം.' മെയില്‍ ശ്രദ്ധയില്‍പ്പെട്ട ഉടൻ കപ്പല്‍ശാല അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. സൗത്ത് പൊലീസെത്തി ഐഎന്‍എസ് വിക്രാന്ത് ഉള്‍പ്പടെ മുഴുവന്‍ കപ്പലുകളിലും വിശദമായ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ല. കൂടാതെ ദക്ഷിണ നാവിക സേന അസ്ഥാനത്തും പരിശോധന നടത്തി.
ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയെ ഉള്‍പ്പെടുത്തിയായിരുന്നു പരിശോധന. കപ്പല്‍ശാലയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണമാരംഭിച്ചു. സൈബര്‍ വിദഗ്‌ധരുടെ സഹായത്തോടെ ഭീഷണിയുടെ ഉറവിടം കണ്ടെത്താനാണ് പൊലീസിന്‍റെ തീരുമാനം. നാവിക സേനയ്ക്ക് വേണ്ടി കൊച്ചി കപ്പൽ ശാലയിൽ നിർമിച്ച കപ്പലിനെതിരായ ഭീഷണി പൊലീസ് ഗൗരവമായാണ് എടുത്തത്.
ALSO READ: നിപയുടെ മൂന്നാം വരവ്, ഉറവിടം ഇനിയും വ്യക്തമല്ല ; വൈറസ് അപകടകാരി