എറണാകുളം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്‍റെ സുഹൃത്ത് ഷാജ് കിരണിനെ പൊലീസ് ചോദ്യം ചെയ്യുന്നു. സ്വപ്‌ന പ്രതിയായ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ടാണ് ഷാജ് കിരണിനെ ചോദ്യം ചെയ്യുന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ എറണാകുളം പൊലീസ് ക്ലബിൽ ഷാജ് കിരൺ ഹാജരായിരുന്നു.
തനിക്കറിയാവുന്ന കാര്യങ്ങൾ അന്വേഷണ സംഘത്തോട് പറയുമെന്ന് ഷാജ് കിരൺ പറഞ്ഞു. വിശദമായ മൊഴി എടുക്കുന്നതിനാണ് വിളിപ്പിച്ചിരിക്കുന്നത്. തന്നെ കേസിൽപ്പെടുത്താൻ ഗൂഢാലോചന നടന്നതായി സംശയിക്കുന്നുവെന്നും ഷാജ് കിരൺ ആരോപിച്ചു. സുഹൃത്ത് ഇബ്രാഹീമും ഷാജ് കിരണിനൊപ്പം ഹാജരായിട്ടുണ്ട്.
അഭിഭാഷകനൊപ്പമാണ് ഇരുവരും പൊലീസ് ക്ലബിൽ എത്തിയത്. സ്വർണക്കടത്ത് കേസിൽ നൽകിയ രഹസ്യമൊഴി പിൻവലിക്കാൻ ഷാജ് സമ്മർദം ചെലുത്തിയെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണം സ്വപ്‌ന പുറത്തു വിട്ടതിന് പിന്നാലെയായിരുന്നു ഷാജ് കിരണും, സുഹൃത്ത് ഇബ്രാഹീമും തമിഴ്‌നാട്ടിലേക്ക് കടന്നത്.
സ്വപ്‌ന പുറത്ത് വിട്ട ഓഡിയോ സന്ദേശം എഡിറ്റ് ചെയ്‌തതാണെന്ന് ഷാജ് കിരണ്‍ പറഞ്ഞിരുന്നു. യഥാർഥ വീഡിയോ പുറത്ത് വിടുമെന്നും, ഡിലീറ്റ് ചെയ്‌ത ഈ വീഡിയോ വീണ്ടെടുക്കാനാണ് ചെന്നൈയിലേക്ക് പോയതെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. ഷാജ് കിരണും, ഇബ്രാഹിമും നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തീർപ്പാക്കിയിരുന്നു.
മുൻകൂർ നോട്ടീസ് നൽകി അന്വേഷണ സംഘത്തിന് ഷാജിനെയും സുഹൃത്ത് ഇബ്രാഹിമിനെയും ചോദ്യം ചെയ്യാമെന്ന നിർദേശം നൽകിയായിരുന്നു ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയത്. ഗൂഢാലോചനക്കേസിൽ ഇരുവരും പ്രതികളല്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.