കൊച്ചി: വേമ്പനാട് കായലിന്‍റെ ഉപഗ്രഹമാപ്പിങുമായി ബന്ധപ്പെട്ട് സിഎംഎഫ്ആര്‍ഐ നടത്തുന്ന ഗവേഷണത്തില്‍ പങ്കാളികളായി കോളജ് വിദ്യര്‍ഥികള്‍. എറണാകുളം, ആലപ്പുഴ, കോട്ടയം, ജില്ലകളിലെ പതിനാറ് കോളജുകളില്‍ നിന്നുള്ള 250-തോളം വിദ്യാര്‍ഥികളാണ് ആദ്യ ഘട്ടത്തില്‍ പഠനത്തിന്‍റെ ഭാഗമാകുന്നത്. വിദ്യാര്‍ഥികള്‍ക്ക് സിഎംഎഫ്ആര്‍ഐ പ്രത്യേക പരിശീലനം നല്‍കി.
കായലിലെ രോഗകാരികളായ വിബ്രിയോ ബാക്ടീരിയ അടക്കമുള്ള സൂക്ഷ്‌മജീവികളുടെയും, വെള്ളത്തിലെ മറ്റു ഘടകങ്ങളുടെയും സാന്നിധ്യം റിമോട്ട് സെൻസിംഗ് ഉപയോഗിച്ച് കണ്ടെത്തുന്ന പഠന രീതിയാണ് സിഎംഎഫ്ആർഐ നടപ്പിലാക്കുന്നത്. അതിനായി കായലില്‍ നിന്ന് വെള്ളത്തിന്‍റെ സാംപിളുകള്‍ ശേഖരിച്ചു. കായലിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സെക്കി ഡിസ്കുകൾ ഉപയോഗിച്ച് നിറവ്യത്യാസങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. വിബ്രിയോ ബാക്ടീരിയകൾ വേമ്പനാട് കായലിന്‍റെ ഏത് ഭാഗത്താണ് കൂടുതലായും ഉള്ളതെന്ന മുന്നറിയിപ്പ് സംവിധാനം വികസിപ്പിക്കും. അടുത്ത ഘട്ടത്തിൽ കായലിന് സമീപമുള്ള നാട്ടുകാരെയും സന്നദ്ധ പ്രവർത്തകരെയും പഠനത്തിന്‍റെ ഭാഗമാക്കാനാണ് സിഎംഎഫ്ആർഐ ലക്ഷ്യമിടുന്നത്.