എറണാകുളം : പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ഉൾപ്പടെയുള്ള പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി വിജിലൻസ് പ്രോസിക്യൂഷൻ അനുമതി തേടി. ഇതോടെ പ്രതികളെ കുറ്റവിചാരണ ചെയ്യുന്നതിന് മുൻപുള്ള അവസാന നടപടിക്രമങ്ങളിലേക്കാണ് വിജിലൻസ് കടന്നത്.
കുറ്റകൃത്യം നടന്ന കാലയളവിൽ മന്ത്രിയായിരുന്നതിനാൽ അഞ്ചാം പ്രതി വി.കെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറോടാണ് വിജിലൻസിന് അനുമതി തേടിയത്. അതേസമയം പ്രതികളായ അന്നത്തെ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജ്, ആർ.ബി.ഡി.സി.കെ എം ഡിയായിരുന്ന എപി.എം മുഹമ്മദ് ഹനീഷ് എന്നിവർ ഐഎഎസ് ഉദ്യോഗസ്ഥരായതിനാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടാണ് പ്രോസിക്യൂഷൻ അനുമതി തേടിയത്.
also read: നിർമാണ കരാർ നല്‍കാന്‍ ഇബ്രാഹിം കുഞ്ഞ് ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ്
ആർ.ബി.ഡി.സിയിലെയും കിറ്റ്‌കോയിലെയും ഉദ്യോഗസ്ഥരായിരുന്ന മറ്റ് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നും അനുമതി തേടി. പ്രോസിക്യൂഷൻ അനുമതി ലഭിച്ചാലുടൻ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. അഴിമതി നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത പാലാരിവട്ടം പാലം അഴിമതിക്കേസിൽ, മുൻ മന്ത്രിക്കും ഉദ്യോഗസ്ഥർക്കുമെതിരെ അന്വേഷണം തുടങ്ങുന്നതിന് മുൻപും വിജിലൻസ് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് മുൻകൂർ അനുമതിയെടുത്തിരുന്നു. പിന്നീട് എംഎല്‍എ ആയിരുന്ന ഇബ്രാഹിം കുഞ്ഞിനെ കഴിഞ്ഞ നവംബറിൽ അറസ്റ്റ് ചെയ്യുന്നതിന് മുൻപ് നിയമസഭ സ്പീക്കറിൽ നിന്നും അനുമതി വാങ്ങിയിരുന്നു.
എഫ്‌ഐആറിൽ പരാമർശിക്കുന്ന വഞ്ചന, പദവി ദുരുപയോഗം ചെയ്യൽ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ തന്നെയായിരിക്കും പ്രതികൾക്കെതിരെ കുറ്റപത്രത്തിൽ ചുമത്തുക.13 പ്രതികളിൽ ഉൾപ്പെട്ട കരാർ കമ്പനിയുടമ സുമിത്ത് ഗോയൽ,കൺസൾട്ടൻസി സ്ഥാപനമുടമ നാഗേഷ് എന്നിവരൊഴിച്ച് ഭൂരിഭാഗം പേരെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വേണം എന്നുള്ളതിനാൽ തുടർനടപടികൾക്ക് കാലതാമസം നേരിടാനാണ് സാധ്യത.