എറണാകുളം : മലയാള സിനിമ റിലീസുമായി ബന്ധപ്പെട്ട് സിനിമ സംഘടനകൾക്കിടയിലുണ്ടായ അഭിപ്രായ ഭിന്നത പരിഹരിച്ചു. വെള്ളിയാഴ്‌ച മുതൽ ചിത്രങ്ങള്‍ പ്രദർശനത്തിനെത്തും. ഫിലിം ചേംബർ യോഗത്തിലാണ് തീരുമാനം.
റിലീസിങ്ങിനെക്കുറിച്ച് തിയേറ്ററുടമകൾ ഏകപക്ഷീയമായി പ്രഖ്യാപനം നടത്തിയതിനെതിരെ നിർമാതാക്കളും വിതരണക്കാരും രംഗത്ത് എത്തിയിരുന്നു. മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം - തിയേറ്ററിൽ റിലീസ് ചെയ്യണമെന്ന് ആൻ്റണി പെരുമ്പാവൂരിനോട് ആവശ്യപ്പെടാനും ഫിലിം ചേംബർ യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാനുമായി വിഷയത്തിൽ ചർച്ച നടത്തിയിരുന്നു.
ആദ്യ ദിനം ജയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ
തങ്ങളുന്നയിച്ച കാര്യങ്ങളിൽ പത്ത് ദിവസത്തിനകം തീരുമാനം അറിയിക്കും. ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളില്ല. മരക്കാര്‍ ഉൾപ്പടെ എല്ലാ സിനിമകളും തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ഫിലിം ചേംബർ ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്‌ച തിയേറ്റർ തുറക്കാൻ അനുവാദം ലഭിച്ചെങ്കിലും രണ്ട് ദിവസത്തെ ശുചീകരണത്തിനും മറ്റ് ഒരുക്കങ്ങൾക്കും ശേഷം ബുധനാഴ്‌ചയാണ് പ്രദർശനം ആരംഭിച്ചത്. ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ ആണ് തിയറ്ററുകളിൽ ആദ്യ ദിവസം പ്രദർശിപ്പിച്ചത്.
നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചതിന്‍റെ സന്തോഷത്തിലായിരുന്നു സിനിമാപ്രേമികൾ. ജെയിംസ് ബോണ്ട് ചിത്രം തിയേറ്ററിൽ കാണാൻ കഴിഞ്ഞതിലും പലരും സന്തോഷമറിയിച്ചു.
തിയേറ്ററിൽ സിനിമ കാണുന്നതിന്‍റെ ആസ്വാദനം ഒ.ടി.ടി ഉൾപ്പടെയുള്ള മാധ്യമങ്ങളിൽ ലഭിക്കില്ലെന്നായിരുന്നു പ്രേക്ഷകരുടെ അഭിപ്രായം. രണ്ട് വാക്‌സിനുകളും എടുത്തവർക്ക് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു തിയേറ്ററുകളിൽ പ്രവേശനം.
ഒന്നിടവിട്ട സീറ്റുകളിൽ മാത്രമാണ് ഇരിക്കാൻ അനുമതിയുള്ളത്. നൂറ് ശതമാനം സീറ്റുകളിൽ ആളുകളെ പ്രവേശിപ്പിക്കാൻ അനുമതി നൽകണമെന്നാണ് സിനിമ സംഘടനകളുടെ ആവശ്യം.
READ MORE: നോ ടൈം റ്റു ഡൈ, വെനം 2 എന്നിവയില്‍ തുടക്കം ; രണ്ടുഡോസുകാര്‍ മാത്രം പ്രായോഗികമല്ലെന്ന് ഉടമകൾ