എറണാകുളം: കേരളത്തിന്‍റെ സ്നേഹം ഏറ്റുവാങ്ങിയും ഓണം ആഘോഷിച്ചും ജിൻ പേ നാട്ടിലേക്ക് മടങ്ങുന്നു. പടിഞ്ഞാറൻ ആഫ്രിക്കയിലെ ലൈബീരിയയിൽ നിന്ന് രണ്ടര വയസുകാരന്‍ ജിൻ പേയുമായി അമ്മ ജെന്നെ ഇന്ത്യയിലെത്തിയത് മാർച്ച് രണ്ടിനാണ്. ജിന്നിന്‍റെ കുഞ്ഞു ഹൃദയത്തിന് ചികിത്സ തേടിയായിരുന്നു പതിനായിരം കിലോമീറ്റർ താണ്ടിയുള്ള യാത്ര.
പീറ്റർ-ജെന്നെ ദമ്പതികളുടെ രണ്ടാമത്തെ മകനായ ജിന്നിന് ജന്മന ഹൃദ്രോഗം ഉണ്ടായിരുന്നു. ശരീരഭാരം ആനുപാതികമായി വർധിക്കാത്തതും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമാണ് വിശദമായ പരിശോധനകളിലേക്ക് നയിച്ചത്. തുടര്‍ന്ന് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ വേണ്ടിവരുമെന്ന് അറിഞ്ഞതോടെയാണ് ഇവര്‍ കേരളത്തിലെത്തിയത്. മാര്‍ച്ച് ആറിന് കൊച്ചി ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ജിന്നിന് മാർച്ച് 12നാണ് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്തിയത്. അയോട്ടാ പൾമണറി വിന്‍ഡോയില്‍ ഉണ്ടായിരുന്ന സുഷിരം ശസ്ത്രക്രിയയിലൂടെ അടയ്ക്കുകയായിരുന്നു. തുടര്‍പരിശോധനകള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ രണ്ടിന് മടങ്ങാനിരിക്കെയാണ് കൊവിഡ് വില്ലനായത്.
യാത്ര തടസപ്പെട്ടതോടെ ആശുപത്രി അധികൃതരുടെ കരുതലിൽ ആശുപത്രിയിൽ തന്നെയായിരുന്നു ഇവര്‍. ഓണസദ്യ ഉള്‍പ്പെടെ ഒരുക്കിയാണ് ആശുപത്രി അധികൃതര്‍ സ്നേഹം പ്രകടിപ്പിച്ചത്. കൊവിഡ് സാഹചര്യത്തിലും ഓണ സദ്യപോലും ഒരുക്കിയത് ഇരുവർക്കും വേണ്ടിയാണെന്ന് ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ പറഞ്ഞു. തങ്ങളിലൊരാളായി മാസങ്ങൾ കഴിഞ്ഞ് ജിൻ നാട്ടിലേക്ക് മടങ്ങുന്നതിൽ പ്രായാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആറുമാസക്കാലത്തെ ആശുപത്രിവാസം കൊണ്ട് കേരളത്തെയും മലയാളികളെയും അടുത്ത് അറിഞ്ഞാണ് ഇവർ സ്വദേശത്തേക്ക് മടങ്ങുന്നത്. വ്യാഴാഴ്ച കൊച്ചിയിൽ നിന്നും മുംബൈ വഴി അവർ ലൈബീരിയയിലേക്ക് മടങ്ങും. ഭൂഖണ്ഡാതിർത്തികൾ ഭേദിച്ചുള്ള സ്നേഹത്തിന്‍റെയും കരുതലിന്‍റെയും പുതിയൊരു ചരിത്രം കൂടിയാണ് ഇവിടെ രചിക്കപ്പെട്ടത്.