എറണാകുളം: ലക്ഷദ്വീപ് ഭരണകൂടത്തിന് ഹൈക്കോടതിയില്‍ വീണ്ടും തിരിച്ചടി. കടല്‍ തീരത്തോട് ചേർന്നുള്ള വീടുകൾ പൊളിച്ച് നീക്കാനുള ദ്വീപ് ഭരണകൂടത്തിന്‍റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‌തു. ദ്വീപ് നിവാസിയുടെ ഹർജിയിലാണ് കോടതി നടപടി.
ബി.ഡി.ഒക്ക് എന്തുണ്ട് അധികാരം
കടലിൽ നിന്നും 20 മീറ്റർ ദൂരപരിധിയിലുള്ള കെട്ടിടം പൊളിച്ചുമാറ്റാനുള്ള നടപടികളാണ് ഹൈക്കോടതി തടഞ്ഞത്. വീടുകൾ പൊളിച്ചു നീക്കുമെന്ന് നോട്ടീസ് നൽകാൻ ബ്ലോക്ക് ഡെവലപ്‌മെന്‍റ് ഓഫിസർക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് കോടതി സ്റ്റേ അനുവദിച്ചത്. മൂന്ന് ആഴ്‌ചയ്ക്കകം വിഷയത്തിൽ വിശദീകരണം നൽകാനും ഹൈക്കോടതി ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ട്.
കോടതിയുടെ അനുമതി വേണം
തീരത്തുള്ള വീടുകൾ നിർമിച്ചത് നിയമ വിരുദ്ധമായാണെന്ന് ചൂണ്ടി കാട്ടി ദ്വീപ് ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫിസർ ഉടമസ്ഥർക്ക് നോട്ടീസ് നൽകിയിരുന്നു. ഈ മാസം മുപ്പതിനകം വിശദീകരണം നൽകണമെന്നും, വിശദീകരണം തൃപ്‌തികരമല്ലെങ്കിൽ വീടുകൾ പൊളിച്ചു നീക്കുമെന്നായിരുന്നു ദ്വീപ് ഭരണകൂടത്തിന്‍റെ മുന്നറിയിപ്പ്.
Also read: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് തിരിച്ചടി ; മാംസാഹാരം ഒഴിവാക്കണമെന്നതടക്കമുള്ള ഉത്തരവുകൾക്ക് സ്റ്റേ
ഇത്തരത്തിൽ പൊളിച്ചു നീക്കുന്നതിന്‍റെ ചെലവ് ഉടമസ്ഥരിൽ നിന്നും ഈടാക്കുമെന്നും അറിയിച്ചിരുന്നു. ഇതിനെതിരെ ദ്വീപ് നിവാസി നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് നൽകിയത്. ഹർജിക്കാരനെ കോടതി അനുമതിയില്ലാതെ ഒഴിപ്പിക്കാനാവില്ലന്ന് കോടതി വ്യക്തമാക്കി.
കോടതിയുടെ ഇടപെടല്‍ മുമ്പും
നേരത്തെ ഡയറി ഫാമുകൾ അടച്ചുപൂട്ടാനും കുട്ടികളുടെ ഉച്ച ഭക്ഷണത്തിൽ നിന്നും മാംസാഹാരം ഒഴിവാക്കാനുമുള്ള ഭരണകൂടത്തിന്‍റെ വിവാദ ഉത്തരവുകള്‍ ഹൈക്കോടതി സ്റ്റേ ചെയ്‌തിരുന്നു. ലക്ഷദ്വീപ് ജനതയുടെ തനത് ജീവിത രീതികള ഇല്ലാതാക്കാൻ ശ്രമിക്കുന്ന അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്‍റെ നടപടിക്കെതിരെ ലക്ഷദ്വീപില്‍ പ്രതിഷേധം ശക്തമാണ്.
Also read: ഐഷ സുൽത്താനയ്‌ക്കെതിരായ കേസ്; ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി