എറണാകുളം: തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ഗൂഢ നീക്കം നടക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ്. ചില ഗ്രൂപ്പ് നേതാക്കൻമാരുടെ വാശിയാണ് തനിക്കെതിരായ നീക്കങ്ങൾക്ക് പിന്നിലെന്നും കെ.വി തോമസ് ആരോപിച്ചു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.വി തോമസ്.
കോൺഗ്രസിനകത്ത് 2018 മുതൽ തനിക്കെതിരെ കൂട്ടായ്‌മ രൂപപ്പെട്ടിട്ടുണ്ട്. സിപിഎം സെമിനാറിൽ പങ്കെടുക്കാനുള്ള തീരുമാനം എടുക്കുന്നതിന് മുൻപേ, തന്നെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. കുമ്പളങ്ങിയിൽ തൻ്റെ ശവമഞ്ച യാത്ര നടത്തി. ഇവർക്കെതിരെ യാതൊരു നടപടിയും എടുത്തിട്ടില്ല. താൻ അവർക്ക് തലവേദനയാണ്. തനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമുണ്ടായി.
സൈബർ ആക്രമണം പ്രവർത്തകരുടെ വികാരമാണെന്ന കെ സുധാകരൻ്റെ ന്യായീകരണം ശരിയല്ല. രാഷ്ട്രീയ കാര്യ സമിതി യോഗത്തിന് തന്നെ വിളിക്കാതിരുന്നത് മര്യാദകേടാണ്. ഏതെങ്കിലും ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്നെങ്കിൽ താനും സംരക്ഷിക്കപ്പെട്ടേനെ.
ഗ്രൂപ്പിൻ്റെ ഭാഗമല്ലാത്തത് കൊണ്ടാണ് താൻ ആക്രമിക്കപ്പെടുന്നത്. സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തത് പൂർണമായും ശരിയായ നിലപാടാണ്. എഐസിസിക്ക് ഇ-മെയിൽ വഴി വിശദീകരണം നൽകിയിട്ടുണ്ട്.
അച്ചടക്ക സമിതിക്ക് മുൻപാകെ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ അവസരം ചോദിച്ചിട്ടുണ്ട്. തൻ്റെ ഭാഗം നേതൃത്വത്തിന് ബോധ്യപ്പെടും. ബ്രഹ്മോസ് വിഷയത്തിൽ എ.കെ ആൻ്റണി എളമരം കരീമിനെ അഭിനന്ദിച്ചിട്ടുണ്ട്. കെ റെയിലിനെ അന്ധമായി എതിർക്കേണ്ടതില്ല. വികസനത്തിൽ രാഷ്ട്രീയം പാടില്ലെന്നായിരുന്നു ആൻ്റണിയുടെ നിലപാട്. അതാണ് ശരിയായ നിലപാടെന്നും കെ.വി തോമസ് പറഞ്ഞു.