എറണാകുളം: ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി നോട്ടീസ് അയച്ചു. കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ഫ്രാങ്കോയെ വിചാരണ കോടതി കുറ്റവിമുക്തനാക്കിയതിന് എതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഫയലിൽ സ്വീകരിച്ചാണ് കോടതി നടപടി. വിചാരണ കോടതിയുടെ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീൽ നൽകിയത്.
എജിയുടെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് കോട്ടയം ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീൽ ഹർജി നൽകിയത്. വിചാരണ കോടതി വിധിയ്ക്ക് എതിരെ പരാതിക്കാരിയായ കന്യാസ്ത്രീയും ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചിരുന്നു. തെളിവുകൾ പരിശോധിക്കുന്നതിൽ വിചാരണ കോടതിയ്ക്ക് വീഴ്‌ച സംഭവിച്ചതായി അപ്പീൽ ഹർജിയിൽ അതിജീവിത വ്യക്തമാക്കിയിരുന്നു.
ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധി റദ്ദാക്കണമെന്നാണ് ഹർജിക്കാരിയുടെ ആവശ്യം. വിചാരണ കോടതി വിധി വന്ന് അപ്പീൽ നൽകാനുളള കാലാവധി കഴിയാനിരിക്കെയാണ് ഹൈക്കോടതിയിൽ അപ്പീലുകൾ സമർപ്പിയ്ക്കപ്പെട്ടത്. 2014 മുതല്‍ 2016 വരെ മഠത്തിൽ വെച്ച് കന്യാസ്ത്രീയെ നിരന്തരം പീഡിപ്പിച്ചുവെന്നാണ് ബിഷപ്പിനെതിരായ കേസ്. കേസിൽ വിചാരണ പൂർത്തിയാക്കിയ കോട്ടയം ജില്ല അഡീഷനല്‍ സെഷന്‍സ് കോടതി ഫ്രാങ്കോയെ വെറുതെ വിട്ട് ഉത്തരവ് പുറപ്പെടുവിയ്ക്കുകയായിരുന്നു.
Read more: കന്യാസ്‌ത്രീയെ ബലാത്സംഗം ചെയ്‌ത കേസ്; ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തന്‍