എറണാകുളം: എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച കോഴിക്കോട് സെഷൻസ് കോടതിയുടെ വിവാദ ഉത്തരവ് സ്റ്റേ ചെയ്‌ത് ഹൈക്കോടതി. അതിജീവിത നൽകിയ അപ്പീൽ പരിഗണിച്ചാണ് നടപടി. പ്രായം പരിഗണിച്ച് ജാമ്യം റദ്ദാക്കാനുള്ള സർക്കാരിന്‍റെ അപ്പീലിൽ തീരുമാനമാകുന്നത് വരെ സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിച്ചു. യുവതിയുടെ വസ്‌ത്രധാരണം പ്രകോപനമുണ്ടാക്കുന്നതാണെന്ന കീഴ്‌ക്കോടതി നിരീക്ഷണം ന്യായീകരിക്കാനാകില്ലെന്നും അപ്രസക്തമായ വസ്‌തുതകൾ പരിഗണിച്ചാണ് പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട രേഖകൾ വിളിച്ചു വരുത്തുമെന്നും കോടതി പറഞ്ഞു.
സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ കോഴിക്കോട് സെഷൻസ് കോടതി ഉത്തരവിലെ വിവാദ പരാമർശങ്ങൾ നീക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. പരാമർശങ്ങൾ ഇരയുടെ ഭരണഘടന സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതാണെന്നും സെഷൻസ് കോടതിയുടെ നിരീക്ഷണം യുക്തിക്ക് നിരക്കാത്തതാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
Also read: ലൈംഗിക പീഡന കേസ് : സിവിക് ചന്ദ്രന് ഹൈക്കോടതി നോട്ടിസ്
കീഴ്‌ക്കോടതി ഉത്തരവിലെ വിവാദ പരാമർശങ്ങൾ: യുവതിയുടെ വസ്‌ത്രധാരണം ലൈംഗിക പ്രകോപനം ഉണ്ടാക്കുന്നതായിരുന്നു എന്നായിരുന്നു ജില്ല സെഷൻസ് കോടതിയുടെ പരാമർശം. സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച വിധി പകർപ്പിലാണ് ജഡ്‌ജി എസ് കൃഷ്‌ണകുമാർ വിചിത്ര വിധി പ്രസ്‌താവിച്ചത്. യുവതി പ്രകോപനമുണ്ടാക്കുന്ന വസ്‌ത്രം ധരിച്ചതിനാൽ 354 എ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. പ്രതി ഭാഗം കോടതിയില്‍ ഹാജരാക്കിയ ഫോട്ടോയില്‍ യുവതിയുടെ വസ്‌ത്രധാരണം വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്‌ത രണ്ടാമത്തെ ലൈംഗിക പീഡന കേസിലായിരുന്നു കോടതിയുടെ നിരീക്ഷണം.
കോടതിയുടെ ഈ പരാമർശം വൻ വിവാദം സൃഷ്‌ടിച്ചിരുന്നു. സംസ്ഥാന വനിത കമ്മീഷനും കോടതി പരാമർശത്തെ ശക്തമായി അപലപിച്ചു.
Also read: സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസ് : ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയില്‍
സിവിക് ചന്ദ്രനെതിരായുള്ള പീഡന പരാതികൾ: സിവിക് ചന്ദ്രനെതിരെ രണ്ട് പീഡനപരാതികളാണ് നിലനിൽക്കുന്നത്. യുവ എഴുത്തുകാരി നല്‍കിയ പരാതിയും, എഴുത്തുകാരിയും അധ്യാപികയുമായ ദലിത് യുവതി നൽകിയ പരാതിയും. ജൂലായ് 15നാണ് സിവിക് ചന്ദ്രനെതിരെ പൊലീസ് ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്‌തത്. ഇതിന് പിന്നാലെയായിരുന്നു യുവ എഴുത്തുകാരി സിവിക് ചന്ദ്രനെതിരെ പീഡന പരാതി നൽകിയത്. 2020ൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കോഴിക്കോട്ടുകാരിയായ യുവ എഴുത്തുകാരിയുടെ പരാതി.
സിവിക് ചന്ദ്രനെതിരായ കേസിലെ ആദ്യ മുൻകൂർ ജാമ്യ ഉത്തരവ്: എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരായ ആദ്യ കേസിലും കോടതി മുൻകൂർ ജാമ്യം നൽകിയത് കേട്ടുകേൾവിയില്ലാത്ത ഉത്തരവിലൂടെയാണ്. ജാതിയില്ലെന്ന് എസ്‌എസ്‌എൽസി ബുക്കിൽ രേഖപ്പെടുത്തിയ ആൾക്കെതിരെ എസ്‌സി- എസ്‌ടി ആക്‌ട് നിലനിൽക്കില്ലെന്ന് പറഞ്ഞാണ് കോടതി ജാമ്യം നൽകിയത്. ഈ പരാമർശം പട്ടിക ജാതി - പട്ടിക വർഗ അതിക്രമ നിയമത്തിന് എതിരാണെന്ന് നിയമ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.
എഴുത്തുകാരിയും അധ്യാപികയുമായ ദലിത് യുവതി നൽകിയ പീഡന പരാതിയിലാണ് സിവിക് ചന്ദ്രന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. സിവിക് ചന്ദ്രൻ യുവതിക്കയച്ച വാട്‌സ്‌ആപ് ചാറ്റുകളടക്കം പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. എന്നാൽ പട്ടികജാതി പീഡന നിരോധന നിയമം അടക്കം നിലനിൽക്കില്ലെന്ന പ്രതിഭാഗത്തിന്‍റെ വാദം പരിഗണിച്ച് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു. ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചതും.
കോഴിക്കോട് സെഷൻസ് കോടതി ജഡ്‌ജിയുടെ സ്ഥലം മാറ്റം: സിവിക് ചന്ദ്രനെതിരെ മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവില്‍ വിവാദ പരാമർശങ്ങൾ നടത്തിയ കോഴിക്കോട് സെഷൻസ് കോടതി ജഡ്‌ജി എസ് കൃഷ്‌ണകുമാറിനെ സ്ഥലം മാറ്റിയിരുന്നു. കൊല്ലം ലേബർ കോടതിയിലേക്കാണ് സ്ഥലം മാറ്റം.
Also read: പീഡനക്കേസിലെ വിവാദ ജാമ്യ ഉത്തരവ്: കോഴിക്കോട് സെഷൻസ് കോടതി ജഡ്‌ജിക്ക് സ്ഥലം മാറ്റം