കണ്ണൂര്‍: കൊവിഡ് വ്യാപനത്തിന്‍റെ മൂന്നാം ഘട്ടം അപകടകരമാണെന്നും സർക്കാർ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ. രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ ഇന്ന് നൽകുന്ന ശ്രദ്ധ നൽകാനാവില്ല. മരണം ഒഴിവാക്കുക എന്നതാണ് കേരളത്തിന്‍റെ ലക്ഷ്യം. മനുഷ്യർ കൂട്ടത്തോടെ മരിച്ചോട്ടെ എന്ന് കരുതാൻ കഴിയില്ല. അതിനാല്‍ നമ്മൾ ഒറ്റക്കെട്ടായി പോരാടണമെന്നും മന്ത്രി പറഞ്ഞു.
ഐ.സി.എം.ആർ സഹായത്തോടെ കേരളം സ്വന്തമായി കൊവിഡ് പ്രതിരോധ വാക്സിൻ ഉണ്ടാക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. പതിനേഴിനു ശേഷം ലോക്ക് ഡൗണില്‍ കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കേണ്ടതില്ലെന്നും പൊതുഗതാഗതം സാഹചര്യങ്ങള്‍ പരിശോധിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. അന്തർ സംസ്ഥാന ഗതാഗതം കേന്ദ്ര സർക്കാരിന്‍റെ മാനദണ്ഡങ്ങൾക്ക് വിധേയമായി നടപ്പാക്കുമെന്നും കെ. കെ ശൈലജ കണ്ണൂരിൽ പറഞ്ഞു.