കണ്ണൂര്‍: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി മാറുകയാണ് കേരളത്തിലെ താടിക്കാരുടെ സംഘടനയായ കേരളാ ബിയേർഡ് സൊസൈറ്റി. താടിയെക്കുറിച്ചുള്ള ചിലരുടെ കാഴ്ചപ്പാട് തന്നെ മാറ്റുകയാണ് ഈ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ. സംഘടനയുടെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി താടിക്കാരെല്ലാം തലശേരിയിൽ ഒത്തുകൂടിയിരിക്കുകയാണ്. താടി എന്നത് തെറ്റായ ജീവിതശൈലിയുടെ പ്രതീകങ്ങളാണെന്ന മിഥ്യാധാരണ തിരുത്തുകയാണ് കേരള ബിയേഡ് സൊസൈറ്റി എന്ന താടിക്കാരുടെ കൂട്ടായ്മ.
നോ ഷേവ് നവംബർ ക്യാമ്പയിനിന്‍റെ ഭാഗമായി നവംബർ മാസത്തിൽ സംഘടനയുടെ അംഗങ്ങൾ താടിയും മുടിയുമൊക്കെ സൗന്ദര്യവത്കരിക്കുന്നതിനു വേണ്ടി ചിലവഴിക്കുന്ന തുക മാറ്റിവെച്ച് സമാഹരിച്ചത് നാല് ലക്ഷം രൂപയാണ്. ചികിത്സാ സഹായം, വീട് നിർമ്മിച്ച് നൽകൽ, ആശുപത്രികൾക്ക് ഉപകരണങ്ങൾ വാങ്ങി നൽകൽ, മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കൽ തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് സംഘടനയുടെ ഈ പണം ചിലവഴിക്കുക.
ചാവക്കാട് കടപ്പുറത്താണ് മൂന്നു വർഷം മുൻപ് 60 പേർ അംഗങ്ങളെ ഉള്‍പ്പെടുത്തി സംഘടന ആരംഭിച്ചത്. എന്നാൽ ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി 800 അംഗങ്ങളുണ്ട് സംഘടനയ്ക്ക്. സംഘടനയിൽ അങ്ങനെ എല്ലാവർക്കും അംഗത്വം ലഭിക്കില്ല, അംഗത്വ അപേക്ഷ നൽകുന്ന വ്യക്തികളുടെ വിവരങ്ങൾ കൃത്യമായി അന്വേഷിക്കും. കൂടാതെ ചില നിബന്ധനകളുമുണ്ട്. ചെറുതാണെങ്കിലും താടി വേണം എന്നതാണ് പ്രധാന നിബന്ധന, 21 വയസാണ് കുറഞ്ഞ പ്രായപരിധി, തൊഴിൽ നിർബന്ധം, 500 രൂപയാണ് അംഗത്വഫീസ്.