കണ്ണൂർ: കെഎസ്‌ആർടിസി ബസുകൾ ലോറിയിലിടിച്ച് നിരവധി പേർക്ക് പരിക്ക്. തളിപ്പറമ്പ് കുറ്റിക്കോൽ ദേശീയ പാതയിൽ ഇന്ന് രാവിലെ 5:30ഓടെയാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് മംഗലാപുരം ദേശീയ പാതയിൽ ഗതാഗതം മുടങ്ങി. കാസർകോടേക്ക് പോകുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്, മംഗലാപുരം ഭാഗത്തേക്ക് പോകുന്ന ചരക്ക് ലോറി, കാഞ്ഞങ്ങാട് പോകുന്ന കെഎസ്ആർടിസി ടി ടി എന്നിവയാണ് അപകടത്തിൽ പെട്ടത്.
യാത്രക്കാരെ ഇറക്കാൻ കുറ്റിക്കോലിൽ നിറുത്തിയ ഫാസ്റ്റ് പാസഞ്ചർ ബസിന്‍റെ പിറകിൽ ലോറി ഇടിക്കുകയും, തുടർന്ന് പിന്നാലെ വന്ന കാഞ്ഞങ്ങാട് ടി ടി ലോറിക്ക് പിറകിൽ ഇടിക്കുകയുമായിരുന്നു. യാതൊരു മുന്നറിയിപ്പും കൂടാതെ പെട്ടെന്നായിരുന്നു മുന്നിലുണ്ടായിരുന്ന ബസ് ആളെ ഇറക്കാൻ നിർത്തിയതെന്ന് ലോറി ഡ്രൈവർ പറഞ്ഞു. പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കാഞ്ഞങ്ങാട് ബസിലുണ്ടായിരുന്ന പ്രകാശൻ, റിയസ്, പ്രിയ, പോൾ, റീത്ത, അനവദ്ര, ശൈജ, നകുൽ, അബ്ദുൽ ഖാദർ എന്നിവരെ നിസാര പരിക്കുകളോടെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മണിക്കൂറോളം ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു. എട്ട് മണിയോടെ ക്രെയിനെത്തി അപകടത്തിൽപെട്ട വാഹനങ്ങളെ നീക്കിയതിന് ശേഷമാണ് ദേശീയപാതയിലെ ഗതാഗതം പുനസ്ഥാപിച്ചത്.
ALSO READ: യുഎൻ അസംബ്ലി ഓഫ്‌ലൈനായി; ലോകനേതാക്കള്‍ക്ക് വാക്സിനേഷൻ നിര്‍ബന്ധം