കണ്ണൂര്‍: നാണയതുട്ടുകളുടെയും നോട്ടുകളുടെയും സ്റ്റാമ്പുകളുടെയും അപൂർവശേഖരവുമായി യുവ വ്യാപാരി ശ്രദ്ധേയനാകുന്നു. തലശ്ശേരി ചമ്പാട് സ്വദേശിയും ചെന്നൈയില്‍ വ്യാപാരിയുമായ എംടി നിസാറാണ് ശേഖരത്തിന്‍റെ ഉടമസ്ഥന്‍. ചെറുപ്പത്തില്‍ത്തന്നെ ഇത്തരം ശേഖരങ്ങളിൽ കമ്പം പുലര്‍ത്തിയിരുന്ന നിസാര്‍ പിന്നീട് അതൊരു ഹോബിയാക്കുകയായിരുന്നു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള നാണയങ്ങളും നോട്ടുകളും സ്റ്റാമ്പുകളും നിസാറിന്‍റെ കൈവശമുണ്ട്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലം മുതലുള്ള ഇന്ത്യന്‍ നാണയങ്ങളും അക്കൂട്ടത്തിൽപ്പെടും. 1835ൽ ഇറങ്ങിയ 50 ഗ്രാം തൂക്കമുള്ള ഓട് നിർമിതമായ ഒരു രൂപ നാണയവും ശേഖരത്തിലുണ്ട്. അറബിക്, പേര്‍ഷ്യന്‍ നാണയങ്ങളും ഇന്ത്യ, ശ്രീലങ്ക, ഫിലിപ്പൈൻസ്, പാകിസ്ഥാൻ തുടങ്ങിയ എഷ്യന്‍ രാജ്യങ്ങളിലെ ഏതാണ്ടെല്ലാ നാണയങ്ങളും നോട്ടുകളും സ്റ്റാമ്പുകളും നിസാര്‍ സൂക്ഷിക്കുന്നു. ലക്ഷങ്ങൾ വില മതിക്കുന്ന വൻശേഖരം കൈവശം ഉണ്ടെങ്കിലും ഇതേവരെ കാശ് കൊടുത്ത് ഒന്നും വാങ്ങിയിട്ടില്ലെന്നും ഒന്നും വിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും നിസാർ പറയുന്നു. ശേഖരത്തിലുള്ളവയില്‍ ചിലത് നിസാറിന്‍റെ കമ്പം മനസിലാക്കിയ ബന്ധുക്കളും സുഹൃത്തുക്കളും സംഭാവന ചെയ്തതാണ്. ശേഖരങ്ങളെല്ലാം ചേര്‍ത്ത് ഒരു പ്രദർശനം നടത്താനും നിസാർ ശ്രമിക്കുന്നുണ്ട്.