കണ്ണൂര്‍: തെയ്യങ്ങളുടെ തനത് രൂപം ഒട്ടും തനിമ ചോരാതെ രേഖകളിലൂടെ വരച്ചെടുക്കുകയാണ് അഞ്ചാംപീടിക സ്വദേശി ശശി. ചായങ്ങൾ കൊണ്ട് ചിത്രങ്ങൾ വരയ്ക്കുന്ന നിരവധി പേർ ഉണ്ടെങ്കിലും പേന കൊണ്ടുള്ള രേഖകൾ ചേർത്തുള്ള വര അപൂർവമാണ്. വളരെ സൂഷ്‌മതയോടെയാണ് തെയ്യങ്ങളും അണിയലങ്ങൾ അടക്കമുള്ളവയും ശശി മൈക്രോ ടിപ്പ് പേനയിലൂടെ വരച്ചെടുക്കുന്നത്.
ഒരു വർഷത്തിനുള്ളിൽ തെയ്യങ്ങളും അണിയലങ്ങളും തിരുവായുധങ്ങളും മുഖരൂപങ്ങളുമടക്കം 150ലേറെ രേഖാ ചിത്രങ്ങളാണ് ശശിയുടെ കരവിരുതിൽ പിറന്ന് വീണത്. തെയ്യങ്ങളെക്കുറിച്ച് അതിസൂക്ഷ്‌മമായി പഠിയ്ക്കുകയും നിരീക്ഷിയ്ക്കുകയും ചെയ്‌തശേഷമാണ് പൂർണതയിലുള്ള വരകൾ. കതിവന്നൂർ വീരൻ, മുത്തപ്പൻ, പുതിയ ഭഗവതി, ആര്യ പൂങ്കന്നി, പൂമാരുതൻ, വിഷ്‌ണു മൂർത്തി തുടങ്ങി നിരവധി രൂപങ്ങള്‍ ഇതിനോടകം വരച്ചു.
നിറങ്ങൾ ചേർത്ത് ചിത്രങ്ങൾ വരയ്‌ക്കുന്നതില്‍ നിന്ന് ഏറെ വ്യത്യസ്ഥമാണ് പേനതുമ്പിലെ ഈ കരവിരുത്. പേനയിലെ ലൈറ്റ് ആന്‍ഡ് ഷെയ്‌ഡ് വരകളിലൂടെയാണ് ചിത്രങ്ങൾക്ക് ജീവനേകുന്നത്. കാണുന്തോറും വിസ്‌മയം ഉയർത്തുന്ന പേന കൊണ്ടുള്ള രേഖാചിത്രങ്ങൾ വരയ്ക്കാൻ മണിക്കൂറുകൾ നീണ്ട പരിശ്രമവും ശ്രദ്ധയും ആവശ്യമാണ്.
തെയ്യങ്ങളെ രേഖാചിത്രമാക്കി മാറ്റുമ്പോൾ പ്രേക്ഷക മനസിനെ അടുപ്പിയ്ക്കാൻ തെയ്യ സങ്കൽപ്പങ്ങളുമായി വളരെയധികം നീതി പുലർത്തണമെന്നാണ് ഈ കലാകാരൻ പറയുന്നത്. തെയ്യ പ്രതിമകളും രൂപങ്ങളും പെയിന്‍റിങ്ങുകളും വാങ്ങാന്‍ വിദേശികളടക്കം നിരവധി പേരാണ് ശശിയുടെ പക്കലെത്തുന്നത്.