കണ്ണൂർ: കൊവിഡ് ബാധിച്ച് യുവാവ് മരിച്ച സംഭവത്തിൽ ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും തീർത്തും ഗുരുതരാവസ്ഥയിലാണ് സുനിൽ കെ.പിയെ കണ്ണൂർ ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിൽ എത്തിച്ചതെന്നാണ് വിശദീകരണം. മറ്റ് അസുഖങ്ങൾ ഒന്നും ഇല്ലാതിരുന്ന സുനിലിനെ ഐസിയുവിൽ പ്രവേശിപ്പിക്കുകയും ഓക്സിജൻ തെറാപ്പി, ആന്‍റിബയോട്ടിക് /ആന്‍റി വൈറൽ മരുന്നുകൾ എന്നിവ നൽകുകയും രാത്രി വെന്‍റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു.
കൊവിഡ് സ്രവപരിശോധനക്കായി അയക്കുകയും ചെയ്തു. തിങ്കളാഴ്ച പനി കുറയാത്തതിനാൽ ആന്‍റിബയോട്ടിക്കുകളുടെ അളവിൽ മാറ്റം വരുത്തിയിരുന്നു. ചൊവ്വാഴ്ച ആയപ്പോഴേക്കും പനി കുറഞ്ഞെങ്കിലും ശ്വാസതടസം അധികമാവുകയും എക്സ്- റേയിൽ ശ്വാസകോശത്തിന് ക്ഷതം സംഭവിച്ചതായും കണ്ടെത്തി. പതിനേഴാം തിയതി സുനിലിന് കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ ബോർഡ് രോഗിയുടെ ആരോഗ്യനില സമയാസമയം വിലയിരുത്തിയിരുന്നു. രോഗിയുടെ നില വഷളായതിനെ തുടർന്ന് വെന്‍റിലേറ്ററിൽ ഇന്‍റുബേറ്റ് ചെയ്യുകയും ചെയ്തു. പിന്നീട് അതീവ ഗുരുതരാവസ്ഥയിൽ രോഗിയുടെ രക്തസമ്മര്‍ദം താഴുകയും രോഗി മരുന്നുകളോട് പ്രതികരിക്കുന്നത് കുറയുകയുമാണ് ഉണ്ടായതെന്ന് പറയുന്നു. ഇതേ കുറച്ച് കൂടുതൽ അന്വേഷിച്ച് വരികയാണെന്ന് ഡിഎംഒ പറഞ്ഞു.