കണ്ണൂർ: സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികാഘോഷ വേളയില്‍ കണ്ണൂർ പയ്യന്നൂര്‍ കോളജില്‍ ത്രിവര്‍ണ പതാക വാനിലുയരുമ്പോള്‍ അവിടുത്തെ വിദ്യാർഥികള്‍ക്ക് അഭിമാനത്തോടെ പറയാം അതില്‍ തങ്ങളുടെ കയ്യൊപ്പുമുണ്ടെന്ന്. പയ്യന്നൂർ കോളജിലെ സസ്യ ശാസ്‌ത്ര വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് പതാകകള്‍ നിര്‍മിച്ചത്. തുണികളില്‍ ചായം നല്‍കിയതും തുന്നിച്ചേര്‍ത്തതും അശോക ചക്രം വരച്ചതുമെല്ലാം വിദ്യാർഥികള്‍ തന്നെയാണ്.
സ്വാതന്ത്ര്യ ദിനം വ്യത്യസ്‌തമായി ആഘോഷിക്കണമെന്ന ചിന്തയില്‍ നിന്നാണ് സ്വന്തമായി പതാക നിർമിക്കുക എന്ന ആശയത്തിലേക്ക് വിദ്യാര്‍ഥികള്‍ എത്തിയത്. പതാകയുടെ പ്രൗഢിയും തനിമയും ഒട്ടും നഷ്‌ടമാകാതെ നിർമാണം പൂർത്തിയാക്കാന്‍ തീരുമാനിച്ചു. സസ്യജന്യമായ ചായങ്ങള്‍ക്കായി തമിഴ്‌നാട്ടിൽ വരെ പോയെങ്കിലും നേർത്ത നിറ വ്യത്യാസമുണ്ടാകുമെന്നതിനാല്‍ സിന്തറ്റിക് നിറക്കൂട്ടുകളിലേക്ക് മാറി.
ചൂരലിലെ ഖാദി കേന്ദ്രത്തിൽ നിന്ന് തുണികളില്‍ ചായം മുക്കാന്‍ പഠിച്ചു. പയ്യന്നൂർ ഖാദി കേന്ദ്രത്തിൽ നിന്ന് പതാകയ്‌ക്കായുള്ള തുണികള്‍ സംഘടിപ്പിക്കുകയും അവിടെ നിന്ന് തന്നെ തുന്നൽ രീതിയും പഠിച്ചു. തുടർന്ന് കോളജിൽ വച്ച് ദേശീയ പതാകകള്‍ നിർമിച്ചു തുടങ്ങി. ഏറെ നാളത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ ത്രിവർണ പതാകകള്‍ തയ്യാര്‍.