കണ്ണൂര്‍: കൊവിഡ് സമ്പര്‍ക്ക വ്യാപനം രൂക്ഷമായ തളിപ്പറമ്പില്‍ പരിശോധന ശക്തമാക്കി പൊലീസ്. ടെസ്‌റ്റുകള്‍ വ്യാപകമാക്കാനാണ് തീരുമാനം. നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുമായി പ്രൈമറി, സെക്കന്‍ററി സമ്പർക്കം പുലർത്തിയ 600 പേരുടെ പട്ടിക പൊലീസ് തയാറാക്കിയിരുന്നു. തളിപ്പറമ്പ് ഡിവൈഎസ്‌പി ടി.കെ രത്നകുമാറിന്‍റെ നേതൃത്വത്തിലാണ് പട്ടിക തയാറാക്കിയത്.
ഈ 600 പേരുടെ പട്ടിക തളിപ്പറമ്പ് നഗരസഭയ്‌ക്കും ആരോഗ്യ വിഭാഗത്തിനും കൈമാറി. കൊവിഡ് സ്ഥിരീകരിച്ചവരുടെ ബന്ധുക്കൾ, തളിപ്പറമ്പിലെ വ്യാപാരികൾ, നഗരത്തിലെ തൊഴിലാളികൾ തുടങ്ങിയവർ പട്ടികയിലുണ്ട്. മുഴുവൻ പേരുടെയും സ്രവം പരിശോധിക്കുന്ന നടപടികളാണ് തിങ്കളാഴ്ച മുതൽ തുടങ്ങിയത്. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയുടെ കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററിലാണ് പരിശോധന. ആദ്യ ദിനം 200 പേരെയാണ് റാപിഡ് ആന്‍റിജൻ ടെസ്റ്റ് നടത്തിയത്. മൂന്നു ദിവസം കൊണ്ട് മുഴുവൻ പേരുടെയും സ്രവ പരിശോധന പൂർത്തീകരിക്കുകയാണ് ലക്ഷ്യമിടുന്നത്. പരിശോധനയുടെ ഫലമനുസരിച്ച് തളിപ്പറമ്പിനെ കണ്ടെയ്‌ൻമെന്‍റ് സോണാക്കി നിലനിര്‍ത്തണോയെന്നതില്‍ തീരുമാനമെടുക്കും.