ആലപ്പുഴ: ജില്ലാവ്യവസായ കേന്ദ്രവും കേരള ചെറുകിട വ്യവസായ അസോസിയേഷനും ചേർന്ന് നടപ്പാക്കുന്ന ഓൺലൈൻ പഠന സഹായ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് 100 ടിവികളാണ് വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ നിർവഹിച്ചു.
സംസ്ഥാനത്ത് ഓൺലൈൻ പഠന സൗകര്യമില്ലാത്ത ഒരു കുട്ടി പോലും ഉണ്ടാകാൻ പാടില്ല എന്ന കാഴ്പ്പാടാണ് സര്‍ക്കാരിനുള്ളത്. ഇത്തരം പഠന സൗകര്യം ഒരുക്കി നൽകുന്നതിലൂടെ ആ ലക്ഷ്യം പ്രാവർത്തികമാകുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പും വ്യവസായ വകുപ്പും ശാസ്ത്രീയമായി പ്രവർത്തിക്കുന്നതിലൂടെയാണ് ഇത്തരത്തിലുള്ള മികച്ച പദ്ധതികൾ നടപ്പാക്കുന്നത്.
അമ്പലപ്പുഴ താലൂക്കിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾ ഇനിയും ബാക്കിയുണ്ടെങ്കിൽ എം.എൽ.എ ഫണ്ട് വിനിയോഗിച്ചു സൗകര്യങ്ങൾ ഒരുക്കി നൽകുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ അരൂർ മുതൽ കായംകുളം വരെയുള്ള തെരഞ്ഞെടുത്ത സ്കൂളുകളിലെ കുട്ടികൾക്കാണ് ടിവി നൽകുന്നത്. അമ്പലപ്പുഴ മണ്ഡലത്തിൽ മാത്രം 20 കുട്ടികൾക്കാണ് ടിവി നൽകുന്നത്. വാടയ്ക്കൽ വ്യവസായ എസ്റ്റേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം.വി. ലൗലി അധ്യക്ഷത വഹിച്ചു.