ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ സിനിമ താരം ഖുശ്‌ബുവിന്‍റെ പേരില്‍ വരെ ക്ഷേത്രങ്ങളുള്ള നാടാണ് ഇത്. രാജസ്ഥാനിലെ പാലി-ജോധപൂർ ഹൈവേയില്‍ റോയല്‍ എൻഫീല്‍ഡ് ബുള്ളറ്റിനെ വിഗ്രഹമായി കണ്ട് ആരാധിക്കുന്നവരുമുണ്ട്. ആരാധന പലതരത്തിലാണ്. എന്നാല്‍ ക്ഷേത്രത്തിലെ വഴിപാട് ലേശം വ്യത്യസ്‌തമായാലോ...അങ്ങനെയൊന്നുണ്ട് നമ്മുടെ ആലപ്പുഴ ജില്ലയില്‍. നെസ്‌ലെ കമ്പനിയുടെ പ്രശസ്‌തമായ 'മഞ്ച് ചോക്കലേറ്റ്' ബാറാണ് ഇവിടെ വഴിപാട്.
'തെക്കൻ പഴനി' എന്നറിയപ്പെടുന്ന തലവടി ശ്രീ സുബ്രമണ്യ ക്ഷേത്രത്തിലാണ് കൗതുകം നിറയുന്ന ഈ വഴിപാട്. 'മഞ്ച് മുരുകൻ' എന്ന അപരനാമത്തിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.
ബാലമുരുകനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്‌ഠ. ക്ഷേത്രത്തിലേക്ക് ഭക്തർ സമർപ്പിക്കുന്ന നൈവേദ്യവും ഭക്തർക്ക് നൽകുന്ന പ്രസാദവും നെസ്‌ലെ കമ്പനി വിപണിയിലെത്തിക്കുന്ന മഞ്ച് തന്നെ. ക്ഷേത്രത്തിലെത്തുന്നവർക്ക് പ്രത്യേക പൂജകൾക്കും പ്രാർഥനകൾക്കും വഴിപാടുകൾക്കും ശേഷം ഇത് പ്രസാദമായി നൽകും.
വഴിപാടായി മഞ്ച് എത്തിയതിന് പിന്നിലെ കഥ
വർഷങ്ങൾക്കു മുൻപ് ക്ഷേത്രത്തിൽ ജോലി ലഭിക്കുന്നതിന്‍റെ ഭാഗമായി വഴിപാട് നടത്താന്‍ ഒരാളെത്തി. ഒപ്പം അയാളുടെ മകനുമുണ്ടായിരുന്നു. കുട്ടി കരഞ്ഞപ്പോൾ കരച്ചിൽ മാറ്റാനായി അച്ഛൻ മഞ്ച് വാങ്ങി നൽകി.
പ്രാര്‍ഥിക്കുന്നതിനായി കുട്ടി തന്‍റെ കയ്യിൽ ഉണ്ടായിരുന്ന മഞ്ച് ക്ഷേത്രനടയിൽ വയ്ക്കുകയും തിരിച്ചു വന്നപ്പോൾ ഇത് കാണാതാവുകയും ചെയ്‌തു. മകനുമൊപ്പം തിരികെ വീട്ടിലെത്തിയ ഇയാളുടെ ആഗ്രഹം സഫലമായി. ഇതറിഞ്ഞ ഭക്തരാണ് പിന്നീട് മുരുകനെ പ്രീതിപ്പെടുത്താനായി മഞ്ച് ക്ഷേത്രത്തിലേക്ക് നൽകി തുടങ്ങിയത്.
ജോലി ലഭിക്കാനും പരീക്ഷയിൽ ഉന്നത വിജയം നേടാനും കാര്യാസാധ്യത്തിനുമായൊക്കെയാണ് ഭക്തർ പ്രധാനമായും മഞ്ച് വഴിപാട് നടത്തുന്നത്. കുട്ടികൾക്ക് വേണ്ടി വഴിപാടായി നടത്തുന്ന തുലാഭാരത്തിനും പ്രധാനം മഞ്ച് തന്നെ.
ഉത്സവ ദിവസങ്ങളിൽ വിഗ്രഹത്തിൽ പ്രധാനമായും ചാർത്തുന്നത് മഞ്ച് കൊണ്ടുള്ള മാലയാണ്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്തജനങ്ങൾ ഉത്സവത്തിൽ പങ്കെടുക്കാനും പ്രസാദം വാങ്ങാനും എത്താറുണ്ടെന്ന് ക്ഷേത്ര ഭാരവാഹികൾ പറയുന്നു.
കച്ചവട താല്‍പര്യങ്ങൾക്ക് വേണ്ടിയാണ് ഇത്തരം ആചാരങ്ങളെന്ന വിമർശനങ്ങള്‍ പലരും ഉന്നയിക്കുന്നുണ്ടെങ്കിലും മഞ്ച് വഴിപാട് ക്ഷേത്രത്തില്‍ മുടക്കമില്ലാതെ നടന്നുവരുന്നുണ്ട്. പരിസരത്തെ എല്ലാ കടകളിലും പൂജ സാധനങ്ങൾ വിൽക്കുന്ന മറ്റിടങ്ങളിലും പ്രധാന പൂജ വസ്‌തു മഞ്ച് തന്നെ.