ആലപ്പുഴ : പ്രസിദ്ധമായ അർത്തുങ്കൽ ബസലിക്കയിലെ മകരം പെരുന്നാൾ ജനുവരി 20ന് നടക്കും. ഇതിന് മുന്നോടിയായുള്ള നടതുറക്കൽ ചടങ്ങ് ഭക്തി സാന്ദ്രമായി നടന്നു. വിശുദ്ധ സെബസ്ത്യാനോസിന്റെ സ്തുതിഗീതങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ നടന്ന നട തുറക്കൽ ചടങ്ങിൽ പങ്കെടുക്കാൻ പതിനായിരക്കണക്കിന് വിശ്വാസികളാണ് എത്തിയത്.
ശബരിമല ദർശനം കഴിഞ്ഞെത്തുന്ന അയ്യപ്പഭക്തർ അർത്തുങ്കൽ പള്ളിയിൽ വെളുത്തച്ചന്റെ സവിധത്തിലെത്തിലെത്തി, നേർച്ചകൾ സമർപ്പിച്ച് മാലയൂരുന്ന പതിവുമുണ്ട്. പെരുന്നാൾക്കാലത്ത് എല്ലാ മത വിഭാഗങ്ങളിലുമുള്ള ഭക്തജനങ്ങൾ അർത്തുങ്കൽ പള്ളിയിൽ എത്തിച്ചേരുന്നു. ചില വിശ്വാസികൾ അടുത്തുള്ള കടൽത്തീരത്ത് നിന്നും പള്ളി വരെ മുട്ടിലിഴഞ്ഞ് വിശുദ്ധനോടുള്ള കൃതജ്ഞതയര്‍പ്പിക്കുന്ന പതിവുമുണ്ട്.
സ്വർണം, വെള്ളി എന്നിവയിൽ തീർത്ത മനുഷ്യാവയവങ്ങളുടെയും അമ്പ്, വില്ല് എന്നിവയുടെയുടെയും രൂപങ്ങൾ വിശ്വാസികൾ ഇവിടെ കാണിക്കയായി അർപ്പിക്കുന്നു. പ്രധാന തിരുനാള്‍ ദിനമായ ജനുവരി 20ന് പ്രസിദ്ധമായ നാല് മണിക്കൂർ പ്രദക്ഷിണം നടക്കും. 27ന് എട്ടാമിടം ചടങ്ങോടെ പെരുന്നാളിന് കൊടിയിറങ്ങും.