ന്യൂഡൽഹി: തങ്ങളുടെ വെബ്‌സൈറ്റ് താത്‌കാലികമായി സാങ്കേതിക തടസം നേരിട്ടതില്‍ ക്ഷമാപണവുമായി ടാറ്റ മോട്ടോഴ്‌സ്. കമ്പനി അടുത്തിടെ അവതരിപ്പിച്ച ഇലക്‌ട്രിക് വാഹനമായ ടിയാഗോ ഇവി ബുക്കുചെയ്യാന്‍ ആളുകളുടെ എണ്ണം വര്‍ധിച്ചതോടെയാണ് തടസം നേരിട്ടത്. തിങ്കളാഴ്‌ചയാണ് (ഒക്‌ടോബര്‍ 10) മോഡലിന്‍റെ ബുക്കിങ് ആരംഭിച്ചത്. ഇതേ ദിവസം തന്നെയാണ് വെബ്‌സൈറ്റ് പണിമുടക്കിയതും ടാറ്റ ക്ഷമാപണവുമായെത്തിയതും.
ടിയാഗോ ഇവിയ്‌ക്ക് ലഭിച്ച പ്രതികരണത്തിൽ തങ്ങൾക്ക് വളരെയധികം സന്തോഷമുണ്ട്. ആയിരക്കണക്കിന് ഉപഭോക്താക്കളാണ് ഒരേ സമയം ഓൺലൈനില്‍ ബുക്ക് ചെയ്യാൻ തിരക്കുകൂട്ടിയത്. ഇക്കാരണത്താല്‍ വെബ്‌സൈറ്റില്‍ ചില സാങ്കേതിക തടസം നേരിട്ടു. ഇത് പുനസ്ഥാപിച്ചിട്ടുണ്ടെങ്കിലും ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യത്തിൽ തങ്ങൾ ഖേദിക്കുന്നതായി കമ്പനി അറിയിച്ചു.
ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് മാനേജിങ് ഡയറക്‌ടര്‍ ശൈലേഷ് ചന്ദ്രയാണ് ഇക്കാര്യം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്. 8.49 ലക്ഷം മുതൽ 11.79 ലക്ഷം വരെയയാണ് വാഹനത്തിന്‍റെ വില. അടുത്ത വർഷം ജനുവരി മുതൽ ടിയാഗോ ഇവി നിരത്തിലിറക്കുമെന്നാണ് കമ്പനി പറയുന്നത്.