ന്യൂഡല്‍ഹി: കാറുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. രാജ്യത്തും ആഗോളതലത്തിലുമുള്ള പണപ്പെരുപ്പവും സമീപകാലത്തായുള്ള നിയന്ത്രണങ്ങളുമെല്ലാം പരിഗണിച്ചാണ് വില വർധനയിലേക്ക് നീങ്ങുന്നതെന്ന് കമ്പനി അറിയിച്ചു. 2023 ജനുവരി മുതലാണ് വിലവർധന നിലവില്‍ വരിക.
അതേസമയം വില വർധനയില്‍ എത്ര മാറ്റം വരുമെന്നോ പുതുക്കുന്ന നിരക്കിനെ കുറിച്ചോ കമ്പനി വ്യക്തമാക്കിയിട്ടില്ല. വാഹനങ്ങളുടെ വില കുറയ്‌ക്കാന്‍ കമ്പനി പരമാവധി ശ്രമിച്ചിരുന്നതായും എന്നാല്‍ മറ്റ് വിലവര്‍ധനകള്‍ മറികടക്കാനായാണ് ഈ നടപടിയിലക്ക് നീങ്ങിയതെന്നും കമ്പനി വ്യക്തമാക്കി. ഇന്ത്യന്‍ വിപണിയില്‍ മറ്റ് വാഹന നിര്‍മാതാക്കള്‍ മികച്ച മത്സരം കാഴ്‌ച വെയ്‌ക്കുമ്പോഴും രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിർമാതാക്കളായി മാരുതി സുസുക്കി തന്നെയാണ് തുടരുന്നത്.
രണ്ട് വർഷം മുമ്പുള്ളതിനെ അപേക്ഷിച്ച് അവശ്യവസ്‌തുക്കളുടെയും യന്ത്രഭാഗങ്ങളുടെയും വില ഇപ്പോഴും ഉയർന്ന നിലയിൽ തന്നെ തുടരുകയാണെന്ന് മാരുതി സുസുക്കി ഇന്ത്യ മാര്‍ക്കറ്റിങ് ആന്‍റ് സെയില്‍സ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ ശശാങ്ക് ശ്രീവാസ്‌തവ പറഞ്ഞു. അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ ആരംഭിക്കുന്ന ബിഎസ് 6 എമിഷന്‍ രണ്ടാംഘട്ടത്തിന്‍റെ മാനദണ്ഡങ്ങള്‍ പരിഗണിച്ച് കമ്പനിക്ക് വാഹന മോഡലുകള്‍ തയ്യാറാക്കേണ്ടതുണ്ടെന്നും കൂടാതെ ഉൽപ്പന്ന ശ്രേണിയിൽ വരുത്താൻ ഉദ്ദേശിക്കുന്ന മാറ്റങ്ങൾക്കുമായാണ് വില വര്‍ധിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.