തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ നികുതി നിർദേശങ്ങളും സെസും സാധാരണക്കാരന്‍റെ ജീവിതം ദുരിതത്തിലാക്കും. സാമൂഹ്യ സുരക്ഷ സീഡ് ഫണ്ട് മുഖേനെ പ്രത്യേക ധനസമാഹരണമാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നതിനാണ് ഇത്തരം സമാഹരണം എന്നാണ് ബജറ്റിൽ പറയുന്നത്.
ഇതിനായി മദ്യത്തിനും പെട്രോൾ - ഡീസൽ എന്നിവയ്‌ക്കും അധിക നികുതി ഏർപ്പെടുത്തി. 500 രൂപ മുതൽ 999 രൂപ വില വരുന്ന ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് ഒരു ബോട്ടിലിലെ 20 രൂപ നിരക്കിലും ആയിരം രൂപ മുതൽ മുകളിലോട്ട് വില വരുന്ന മദ്യത്തിന് ഒരു ബോട്ടിൽ 40 രൂപ നിരക്കിലുമാണ് സാമൂഹ്യ സുരക്ഷ സെസ് ഏർപ്പെടുത്തുന്നത്. ഇതിലൂടെ 400 കോടി അധിക ധനസമാഹരണമാണ് ലക്ഷ്യമിടുന്നത്.
ഇന്ധനത്തിനും സെസ് പ്രഖ്യാപിച്ചിട്ടുണ്ട്. പെട്രോൾ ഡീസൽ എന്നിവയ്‌ക്ക് ലിറ്ററിന് രണ്ട് രൂപ നിരക്കിലായിരിക്കും സാമൂഹ്യ സുരക്ഷ സെസ് പിരിക്കുക. ഇന്ധന വില ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ സാധാരണക്കാരന് ഇരുട്ടടി ആവുകയാണ് ഇന്ധനസെസ്. ക്ഷേമപെൻഷൻ എന്ന ജനകീയ പദ്ധതി ചൂണ്ടിക്കാട്ടിയാണ് ഈ സെസ് പിരിവ്. ഫ്ലാറ്റുകളുടെ മുദ്രപത്ര വില കൂടി. ഭൂമിയുടെ ന്യായ വില 20 ശതമാനവും വർധിപ്പിച്ചു.