ന്യൂഡല്‍ഹി: 5ജി സ്പെക്ട്രം ലേലത്തിന് കേന്ദ്രത്തിന്‍റെ അനുമതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗമാണ് ടെലി കമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മുന്നോട്ടു വച്ച നിര്‍ദേശത്തിന് അംഗീകാരം നല്‍കിയത്. ലേലം ജൂലൈ 26ന് നടക്കും.
72097.85 മെഗാഹെര്‍ട്‌സ് സ്‌പെക്‌ട്രമാണ് ലേലത്തിന് വെക്കുക. 20 വര്‍ഷത്തേക്കാണ് സ്‌പെക്‌ട്രം നല്‍കുക. ഈ വര്‍ഷം അവസാനത്തോടെ 5ജി സേവനങ്ങള്‍ ഇന്ത്യയില്‍ ലഭ്യമായേക്കുമെന്നാണ് സൂചന. 4ജിയെക്കാള്‍ 10 ഇരട്ടി വേഗതയാകും 5ജി നല്‍കുക.
റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയവയാണ് ലേലത്തില്‍ പങ്കെടുക്കുന്ന പ്രമുഖ കമ്പനികള്‍. ജൂലൈ 20നാണ് ലേലത്തില്‍ പങ്കെടുക്കുന്നവരുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക. രാജ്യത്ത് 5ജി എത്തുന്നതോടെ സാങ്കേതിക രംഗത്ത് വിപ്ലവകരമായ മാറ്റം വരുമെന്നാണ് വിലയിരുത്തല്‍.
നിലവിലുള്ള 13, 15, 18, 21 ജിഗാഹെര്‍ട്‌സ് ബാൻഡുകളിൽ പരമ്പരാഗത മൈക്രോവേവ് ബാക്ക്‌ഹോൾ കാരിയറുകളുടെ എണ്ണം ഇരട്ടിയാക്കാനും മന്ത്രിസഭ തീരുമാനിച്ചു.