ന്യൂഡൽഹി: വാഹന വ്യവസായ മേഖലയിലെ മാന്ദ്യത്തിനിടയിലും ആഡംബര വാഹന നിർമാതാക്കളായ മെഴ്‌സിഡസ് ബെൻസ് ഇന്ത്യയിൽ കഴിഞ്ഞയാഴ്ച 600 ൽ അധികം കാറുകൾ വിതരണം ചെയ്തു. 600 കാറുകളിൽ പകുതിയും വിറ്റത് ഡൽഹി മേഖലയിലാണ്. പഞ്ചാബ്, മുംബൈ, പൂനെ, കൊൽക്കത്ത, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നും നിരവധി ആവശ്യക്കാരുണ്ടായതായി നിർമാതാക്കൾ പറഞ്ഞു.ഉത്സവ സീസണിൽ ഉൽപ്പന്നങ്ങള്‍ക്ക് മികച്ച പ്രതികരണം ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ആവശ്യക്കാരുടെ എണ്ണം വർധിക്കുന്നത് ഉപഭോക്തൃ ആത്മവിശ്വാസം കൂടുന്നതിന് സഹായിക്കുമെന്നും മെഴ്‌സിഡസ് ബെൻസ് ഇന്ത്യൻ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ മാർട്ടിൻ ഷ്വെങ്ക് പറഞ്ഞു.
ദസറ, നവരാത്രിഎന്നിവ പ്രമാണിച്ച് മെഴ്‌സിഡസ് ബെൻസ് മുംബൈയിലും ഗുജറാത്തിലും 200 ലധികം കാറുകൾ വിതരണം ചെയ്തിരുന്നു.എന്നാൽ 2020 ൽ ഓട്ടോ എക്‌സ്‌പോയുടെ അടുത്ത പതിപ്പിന് മുമ്പ് മേഴ്സിഡസ് ബെൻസ് പുതിയ മോഡൽ ജിഎൽഇ എസ്‌യുവി ആഭ്യന്തര വിപണിയിലെത്തുമെന്നാണ് സൂചന. പുതിയ മോഡലിന്‍റെ ബുക്കിംഗ് കമ്പനി നേരത്തെ ആരംഭിച്ചിരുന്നു. ദീപാവലിയോടനുബന്ധിച്ചുള്ള ധൻതെരാസ് ദിനത്തിൽ സ്വർണം, വെള്ളി, വാഹനം തുടങ്ങിയവ വാങ്ങുന്നത് ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം.