വർക്ക് ഫ്രം ഹോം ജീവനക്കാർക്ക് ശമ്പളം കുറയ്‌ക്കാൻ ഗൂഗിൾ തീരുമാനിച്ചതായി റിപ്പോർട്ട്. കൊവിഡിനെത്തുടർന്ന് സ്ഥിരമായി വർക്ക് ഫ്രം ഹോം തെരഞ്ഞെടുക്കുന്ന ജീവനക്കാർക്കാണ് ഗൂഗിൾ ശമ്പളം കുറയ്‌ക്കുക.
നിലവിൽ സിലിക്കൺവാലി മേഖലയിൽ ഇത്തരത്തിൽ ജീവനക്കാരുടെ ശമ്പളം പരീക്ഷണാർഥം കുറച്ചിട്ടുണ്ട്. ഗൂഗിൾ ജീവനക്കാരുടെ ശമ്പളം തീരുമാനിക്കുന്നത് ജോലി ചെയ്യുന്ന നഗരത്തിന് അനുസരിച്ചാണ്.
അതുകൊണ്ട് തന്നെ വിവിധ നഗരങ്ങളിൽ ജോലി ചെയ്യുന്നവരുടെ ശമ്പളവും വ്യത്യസ്തമാണ്. ഈ സാഹചര്യത്തിലാണ് വർക്ക് ഫ്രം ഹോം സ്ഥിരമാക്കുന്ന ജീവനക്കാരുടെ ശമ്പളം കുറയ്‌ക്കുന്നത്.
15 ശതമാനം വരെയാണ് ശമ്പളത്തിൽ കുറവ് വരികയെന്നാണ് റിപ്പോർട്ട്. ഉദാഹരണത്തിന് ന്യൂയോർക്കിൽ നിന്ന് ഒരു മണിക്കൂർ യാത്രാദൂരമുള്ള സ്റ്റാംഫോഡിലുള്ള ഒരു ജീവനക്കാരന് ശമ്പളത്തിന്‍റെ 15 ശതമാനത്തോളം കുറയും.
എന്നാൽ ന്യൂയോർക്ക് സിറ്റിയിൽ ഇരുന്ന് ജോലി ചെയ്യുന്ന ഒരാൾക്ക് ശമ്പളം കുറയാൻ സാധ്യതയില്ല. നേരത്തേ ഫേസ്ബുക്കും ട്വിറ്ററും ജീവിതച്ചെലവ് കുറഞ്ഞ പ്രദേശങ്ങളിൽ ഇരുന്ന് ജോലി ചെയ്യുന്നവരുടെ ശമ്പളം കുറച്ചിരുന്നു.
ഗൂഗിളും ഇത്തരമൊരു നടപടി സ്വീകരിക്കുന്നതോടെ ആഗോളതലത്തിൽ തന്നെ ഒട്ടുമിക്ക കമ്പനികളും ഇതേ നയത്തിലേക്ക് എത്താൻ സാധ്യതയുണ്ട്.