മുംബൈ : വീട്ടിലിരുന്ന് ജോലി ചെയ്യുന്ന പുരുഷന്മാരുടെ ജോലി സമ്മർദം വ്യക്തി ജീവിതത്തെ ബാധിക്കുന്നെന്ന് സർവേ റിപ്പോർട്ട്. കൊവിഡ് മൂന്നാം തരംഗത്തിന്‍റെ ഭീഷണി നിലനിൽക്കെ മാനസിക ആരോഗ്യത്തിന്‍റെ പ്രാധാന്യവും വർധിക്കുകയാണെന്ന് ജോബ് സൈറ്റായ സിക്കി (SCIKEY Market Network) നടത്തിയ സർവേയിൽ പറയുന്നു.
56 ശതമാനം സ്ത്രീകളെ അപേക്ഷിച്ച് സർവെയിൽ പങ്കെടുത്ത 59 ശതമാനം പുരുഷന്മാരും ജോലി സമ്മർദം അവരുടെ വ്യക്തി ജീവിതത്തെ ബാധിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി. വർക്ക് ഫ്രം ഹോമിൽ ജോലി ഭാരം വർധിച്ചത് വ്യക്തി ജീവിതത്തെ ബാധിച്ചു.
ഇന്ത്യയിലെ വിവിധ മെട്രോ നഗരങ്ങളിലായി 2500 പേരാണ് സർവെയിൽ പങ്കെടുത്തത്. 2021 ജൂൺ 20 മുതൽ 26 വരെ നടത്തിയ സർവെയിൽ 16 ശതമാനം സ്ത്രീകളെ അപേക്ഷിച്ച് 20 ശതമാനം പുരുഷന്മാരും വീട്ടിലിരുന്നുള്ള ജോലിയിൽ തൃപ്തരല്ലെന്ന് അറിയിച്ചു.
തൊഴിൽ നഷ്ടം സൃഷ്ടിക്കുന്ന ആശങ്ക
77 ശതമാനം സ്ത്രീകളും 68 ശതമാനം പുരുഷന്മാരും ജോലിസമയത്ത് ശ്രദ്ധ മാറിപ്പോകുന്നതായി അഭിപ്രായപ്പെട്ടു. കൊവിഡ് പ്രതിസന്ധി തൊഴിൽ നഷ്ടപ്പെടുത്തുമോ എന്ന ആശങ്കയും ഉണ്ടാക്കുന്നുണ്ടെന്ന് സർവെ പറയുന്നു.
22 ശതമാനത്തിലധികം പുരുഷന്മാർക്ക് കൊവിഡ് ഉണ്ടാക്കിയ പ്രതിസന്ധയിൽ ജോലി നഷ്ടപ്പെട്ടു. 60 ശതമാനം പേർ ജോലിയുടെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്കാകുലരാണ്. സ്ത്രീകളിൽ 17 ശതമാനം പേർക്കാണ് ജോലി നഷ്ടപ്പെട്ടത്. 27 ശതമാനം സ്ത്രീകളും ജോലിയുടെ സ്ഥിരതയിൽ ആശങ്കാകുലരാണ്.
തങ്ങളുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതങ്ങൾ തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് 35 ശതമാനം പേർ അഭിപ്രായപ്പെട്ടു. സമയപരിധി (22 ശതമാനം), അനാവശ്യ പ്രശ്‌നങ്ങൾ (20 ശതമാനം), പരസ്പര വഴക്കുകൾ (7 ശതമാനം ), പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള താമസം (22 ശതമാനം), ആശയവിനിമയത്തിലെ അപാകത (23 ശതമാനം) തുടങ്ങിയവ ജോലി സമ്മർദം വർധിപ്പിക്കുന്നതിന് കാരണമാകുന്നുവെന്ന് സർവെയിൽ പങ്കെടുത്ത പുരുഷന്മാർ പ്രതികരിച്ചു.
വീടുകളിലെ പെരുമാറ്റം
പുരുഷന്മാരിലും സ്‌ത്രീകളിലും ഒരു പോലെ കാണുന്ന സമ്മർദത്തിന്‍റെ ലക്ഷണങ്ങൾ ഈ പറയുന്നവയാണ്. തുടർച്ചയായ ദേഷ്യം (40 ശതമാനവും 33 ശതമാനവും), മാനസികാവസ്ഥയിൽ പെട്ടന്നുണ്ടാകുന്ന മാറ്റം (52 ശതമാനവും 50 ശതമാനവും), വീട്ടിലുള്ളവരോട് അനാവശ്യമായി ബഹളമുണ്ടാക്കുന്നത് (33 ശതമാനം, 27 ശതമാനം) തലവേദന (48 ശതമാനം, 67 ശതമാനം), ശാരീരിക പിരിമുറുക്കം (20 ശതമാനം, 33 ശതമാനം).
കൊവിഡിന്‍റെ മൂന്നാം തരംഗം കൂടി എത്തുകയാണെങ്കിൽ വർക്ക് ഫ്രം കാലാവധി കമ്പനികൾ നീട്ടാനാണ് സാധ്യത. അങ്ങനെയെങ്കിൽ ഇത് ജീവനക്കാരുടെ വ്യക്തി- തൊഴിൽ ജീവിതത്തിന്‍റെ സന്തുലിതാവസ്ഥയെ ബാധിക്കും.
ഈ കാലയളവിൽ ജീവനക്കാരുടെ മാനസിക ക്ഷേമത്തിന് കമ്പനികൾ മുൻഗണന നൽകേണ്ടത് വളരെ പ്രധാനമാണെന്ന് സിക്കി മാർക്കറ്റ് നെറ്റ്‌വർക്ക് (SCIKEY Market Network) സഹസ്ഥാപകൻ കരുഞ്ജിത് കുമാർ ധീർ പറഞ്ഞു.