തിരുവനന്തപുരം: പാറക്കല്ല് ക്ഷാമത്തെ തുടർന്ന് വിഴിഞ്ഞം തുറമുഖ നിർമ്മാണം ഡിസംബറിൽ പൂർത്തിയാക്കാൻ കഴിയില്ലെന്ന് അദാനി ഗ്രൂപ്പ്. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സർക്കാരിന് കത്ത് നൽകി.
കല്ല് ലഭിക്കാതായതോടെ തുറമുഖത്തിന്‍റെ പ്രധാനപ്പെട്ട ബ്രേക്ക് വാട്ടർ അഥവാ വലിയ പുലിമുട്ട് നിർമ്മാണം നിലച്ച നിലയിലാണ്. ഈ സാഹചര്യത്തിലാണ് ഇടപെടൽ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സർക്കാരിന് കത്ത് നൽകിയത്. സ്ഥിതി ഗുരുതരമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. നേരത്തെ ക്ഷാമം നേരിട്ടപ്പോൾ സർക്കാരിന്‍റെ കീഴിലുള്ള 20 ക്വാറികളിൽ നിന്ന് പാറ എടുക്കാനായിരുന്നു പദ്ധതി. എന്നാൽ ഇതിൽ ഒന്നിന് മാത്രമാണ് അനുമതി ലഭിച്ചിരുന്നത്. അനുമതി വേഗത്തിൽ ലഭിക്കാൻ തുറമുഖ വകുപ്പ് മന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തിരുന്നു. എന്നാൽ ഇത് നടപ്പായില്ലെന്നും കത്തിൽ അദാനി ഗ്രൂപ്പ് ആരോപിക്കുന്നു. 3100 മീറ്റർ പുലിമുട്ടാണ് നിർമ്മിക്കേണ്ടത്. ഇതിൽ 600 മീറ്റർ മാത്രമാണ് ഇതുവരെ പൂർത്തിയാക്കാൻ സാധിച്ചത്.
ഒരു ദിവസം 15000 മെട്രിക് ടൺ കല്ലാണ് പുലിമുട്ട് നിർമ്മാണത്തിന് ആവശ്യമായി വരുന്നത്. നിലവിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് ബാർജ് വഴി എത്തിക്കുന്നതും സംസ്ഥാനത്തെ ക്വാറികളിൽ നിന്നും ശേഖരിക്കുന്നതുമായ കല്ലാണ് നിർമാണത്തിന് ഉപയോഗിക്കുന്നത്.