ഭീകരവാദ സംഘടനയുമായി ബന്ധപ്പെട്ട കേസിൽ എൻഐഎ കസ്റ്റഡിയിലുള്ള റിയാസ് അബൂബക്കറിന്‍റെ ജാമ്യാപേക്ഷയിൽ പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായി. പ്രോസിക്യൂഷൻ വാദം കോടതി മറ്റന്നാൾ പരിഗണിക്കും. റിയാസിന് ഐഎസ് സംഘടനയുമായി നേരിട്ട് ബന്ധമില്ലെന്നും പ്രതിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും നിലനിൽക്കാത്തതാണെന്നും പ്രതിഭാഗം വാദിച്ചു. ഐഎസിലേക്ക് റിക്രൂട്ട്മെന്‍റ് നടത്തി ആളുകളെ സിറിയ, ഇറാഖ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൊണ്ട് പോയിട്ടില്ലെന്നുള്ള വാദം പ്രതിഭാഗം ഇന്നും ആവര്‍ത്തിച്ചു. ഒരു നിരപരാധിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലുള്ള അന്വേഷണം നടത്തി റിയാസിനെയും കുടുംബത്തെയും നാട്ടിൽ ഒറ്റപ്പെടുത്തുകയാണെന്ന് അഡ്വ. ബി എ ആളൂര്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
അതേസമയം പ്രതിക്ക് ഭീകരവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. ഐഎസ് റിക്രൂട്ട്മെന്‍റ് കേസിലെ ഒന്ന് മുതല്‍ 16 വരെയുള്ള പ്രതികളുമായി ഇയാള്‍ക്ക് നേരിട്ട് ബന്ധമുണ്ട്. അന്വേഷണത്തിന്‍റെ പ്രാരംഭഘട്ടമായതിനാല്‍ പ്രതിയുടെ ജാമ്യാപേക്ഷ തള്ളണമെന്നുമാണ് പ്രോസിക്യൂഷന്‍റെ വാദം. അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനായി കേസ് ഡയറി സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥൻ സ്ഥലത്തില്ലാത്തതിനാൽ കേസ് ഡയറി പിന്നീട് സമര്‍പ്പിക്കാമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.