ന്യൂഡല്‍ഹി: ലഡാക്ക് ഏറ്റുമുട്ടലില്‍ വീരുമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി രാഷ്ട്രപതി റാം നാഥ് കോവിന്ദ്. 20 സൈനികരാണ്കൊല്ലപ്പെട്ടത്.
'ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ജീവൻ അർപ്പിച്ചവരെല്ലാം ഇന്ത്യൻ സായുധ സേനയുടെ മികച്ച പാരമ്പര്യങ്ങൾ ഉയർത്തിപ്പിടിച്ചിട്ടുണ്ട്. അവർ രാജ്യത്തിന്‍റെ സ്മരണയിൽ എന്നെന്നേക്കുമായി പതിഞ്ഞിരിക്കും. അവരുടെ കുടുംബങ്ങള്‍ക്ക് ഉണ്ടായ ദുഃഖത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു' രാഷ്ട്രപതി ട്വീറ്റ് ചെയ്തു. 'സായുധ സേനയുടെ പരമോന്നത സൈന്യാധിപന്‍ എന്ന നിലയിൽ, രാജ്യത്തിന്‍റെ പരമാധികാരവും സമഗ്രതയും സംരക്ഷിക്കുന്നതിനായി സൈനികരുടെ മാതൃകാപരമായ ധൈര്യത്തിനും പരമമായ ത്യാഗത്തിനും പ്രണാമം അര്‍പ്പിക്കുന്നുവെന്നും' അദ്ദേഹം ട്വീറ്റ് ചെയ്തു.
സംഭവത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് ഇന്ത്യക്ക് സമാധാനമാണ് ആവശ്യമെന്നും എന്നാല്‍ ഇപ്പോള്‍ സംഭവിച്ചതിന് തിരച്ചടി നല്‍കുമെന്നുമാണ്. 'മാനവികതയുടെ ക്ഷേമത്തിനായി നാം പ്രാർഥിച്ചു. അയൽരാജ്യങ്ങളുമായി സൗഹാർദപരമായും സഹകരണത്തോടെയും നാം എല്ലായ്പ്പോഴും പ്രവർത്തിച്ചിട്ടുണ്ട്. തര്‍ക്കങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കാറുണ്ട്. നാംം ആരെയും പ്രകോപിപ്പിക്കില്ല. പക്ഷേ, രാജ്യത്തിന്‍റെ സമഗ്രതയിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. രാജ്യത്തിന്റെ സമഗ്രതയും പരമാധികാരവും സംരക്ഷിക്കുന്നതിൽ എല്ലായ്പ്പോഴും ശക്തി പ്രകടിപ്പിച്ചിട്ടുണ്ട്' കൊവിഡ്-19 സംബന്ധിച്ച് മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി പറഞ്ഞു. 'നമ്മുടെ സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്ന് ഞാൻ രാജ്യത്തിന് ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു. നമ്മെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെ ഐക്യവും പരമാധികാരവും ഏറ്റവും പ്രധാനമാണ്. നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നത് തടയാൻ ആർക്കും കഴിയില്ല. ഇന്ത്യക്ക് സമാധാനം വേണം' അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, 15 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാർ എന്നിവര്‍ വീഡിയോ വഴിയാണ് യോഗത്തില്‍ പങ്കെടുത്തത്. യോഗത്തിന് മുമ്പായി ധീരജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് രണ്ട് മിനിറ്റ് മൗനം ആചരിച്ചു.