ന്യൂഡല്‍ഹി: രണ്ട് ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും ബിസിസിഐയുടെ ഷെല്‍ഫിലെത്തിച്ച മഹേന്ദ്രസിങ് ധോണി എങ്ങനെ ഒരു പക്വതയുള്ള നായകനായെന്ന് വിശദീകരിച്ച് ഇര്‍ഫാന്‍ പത്താന്‍. ക്യാപ്റ്റന്‍ കൂളെന്ന പേരിന് അര്‍ഹനാകുന്ന തരത്തില്‍ ധോണിയുടെ കരിയറില്‍ വന്ന മാറ്റങ്ങളെ കുറിച്ചാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ പത്താന്‍ വാചാലനായത്. 2007ല്‍ ടി20 ലോകകപ്പ് സ്വന്തമാക്കിയപ്പോഴും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയപ്പോഴും ധോണിക്കൊപ്പം പത്താനും ടീമിലുണ്ടായിരുന്നു.
2007-ല്‍ ധോണി വിക്കറ്റ് കീപ്പിങ് എന്‍ഡില്‍ നിന്നും ആകാംക്ഷ കാരണം ബൗളിങ് എൻഡിലേക്ക് ഓടിവന്ന് ബൗളേഴ്സിനെ നിയന്ത്രിക്കുക പതിവായിരുന്നതായി പത്താന്‍ പറഞ്ഞു. എന്നാല്‍ 2013 ആകുമ്പോഴേക്ക് ബൗളേഴ്സിനെ സ്വയം നിയന്ത്രിക്കാന്‍ അദ്ദേഹം അനുവദിച്ചു. അദ്ദേഹം ശാന്തനായ ക്രിക്കറ്ററായി മാറി. നായകനെന്ന നിലയില്‍ അദ്ദേഹം സ്ലോ ബൗളേഴ്സിലും സ്പിന്നേഴ്സിലും കൂടുതലായി വിശ്വാസം അര്‍പ്പിക്കാന്‍ തുടങ്ങി. ചാമ്പ്യന്‍സ് ട്രോഫി ആകുമ്പോഴേക്കും നിര്‍ണായ മത്സരത്തില്‍ ജയിക്കാന്‍ സ്പിന്നേഴ്സിനെ ഉപയോഗിക്കണമെന്ന തരത്തിലുള്ള അനുഭവസമ്പത്ത് ധോണി സ്വായത്തമാക്കിയിരുന്നു. അതേസമയം മത്സരത്തിന് മുന്നോടിയായി അഞ്ച് മിനിട്ടോളം ദൈര്‍ഘ്യമുള്ള ടീം മീറ്റിങ്ങാണ് ധോണി നടത്തിയിരുന്നതെന്നും നായകന്‍ എന്ന നിലയില്‍ അദ്ദേഹം ആ പതിവ് തുടര്‍ന്നതായും പത്താന്‍ കൂട്ടിച്ചേര്‍ത്തു.
2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ട് ടീം ഇന്ത്യ പുറത്തായ ശേഷം ധോണി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ല. 2007 മുതല്‍ 2016 വരെ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമുകളെ നയിച്ചത് ധോണിയായിരുന്നു. 2008 മുതല്‍ 20014 വരെ ഇന്ത്യടെ ടെസ്റ്റ് ക്രിക്കറ്റ് ടീം നായകനെന്ന നിലയിലും ക്യാപ്റ്റന്‍ കൂള്‍ തിളങ്ങി. ഐസിസിയുടെ എല്ലാ കിരീടങ്ങളും സ്വന്തമാക്കി ഏക ക്രിക്കറ്റ് ടീം നായകന്‍ കൂടിയാണ് മഹേന്ദ്ര സിങ് ധോണി.