തൃശ്ശൂര്‍: മലയാളത്തിന്‍റെ പ്രിയ നടന്‍ മോഹന്‍ലാലിന്‍റെ സിനിമാ കഥാപാത്രങ്ങളെ മൈലാഞ്ചി ചിത്രങ്ങളില്‍ ഒരുക്കിയിരിക്കുകയാണ് തൃശ്ശൂര്‍ സ്വദേശി നിഖില്‍ വര്‍ണ്ണ. കേരള ലളിതകലാ അക്കാദമിയില്‍ ഒരുക്കിയിരിക്കുന്ന മൈലാഞ്ചി ചിത്രങ്ങളില്‍ 333 ലാല്‍ കഥാപാത്രങ്ങളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. കടുത്ത മോഹൻലാൽ ആരാധകനായ നിഖിലിന്‍റെ ചിരകാലാഭിലാഷമാണ് 'സ്പർശം' എന്നു പേരിട്ടിരിക്കുന്ന പ്രദർശനത്തിലൂടെ യാഥാർഥ്യമായിരിക്കുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ ലൂസിഫർ വരെയുള്ള മോഹന്‍ലാല്‍ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ നിഖിലിന്‍റെ കരവിരുതില്‍ പുനര്‍ജ്ജനിച്ചിരിക്കുന്നു. രാജശിൽപിയിലും രംഗത്തിലും പഞ്ചാഗ്നിയിലും പാദമുദ്രയിമെല്ലാം വിരിഞ്ഞ വ്യത്യസ്ത മോഹൻലാല്‍ ഭാവങ്ങള്‍ നിഖിലിന്‍റെ ക്യാൻവാസിൽ ജീവൻ തുടിക്കുന്നു.
കുട്ടിക്കാലം മുതല്‍ മനസില്‍ കുടിയേറിയ രൂപമായതുകൊണ്ടു തന്നെ തന്‍റെ പ്രിയകഥാപാത്രങ്ങളെ കാന്‍വാസിലേക്കു പകര്‍ത്തുകയെന്നത് ദുഷ്കരമായിരുന്നല്ലെന്നാണ് നിഖില്‍ പറയുന്നത്. മെഹന്തി കഴുകിയാൽ ചുവപ്പ് നിറമുണ്ടാകുമെങ്കിലും പച്ചയിൽ തന്നെ ചിത്രങ്ങൾ നിലനിർത്തിയിരിക്കുന്നത് അന്ധരായവർക്ക് തൊട്ടു മനസ്സിലാക്കാൻ വേണ്ടിയാണ്. പ്രദർശനത്തിൽ നിന്നും ലഭിക്കുന്ന തുക അന്ധവിദ്യാർഥികൾക്ക് നൽകുകയാണ് ലക്ഷ്യമെന്നും നിഖിൽ പറയുന്നു. മെഹന്തിയും ജ്യൂട്ടും ഉപയോഗിച്ച് ഒരുക്കിയിരുക്കുന്ന ചിത്രങ്ങള്‍ പൂർണമായും ഓർഗാനിക് രീതിയിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. മുള ഉപയോഗിച്ചുള്ള ഫ്രെയിമിംഗും ചിത്രങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകുന്നു. സിനിമാ മേഖലയില്‍ കോസ്റ്റ്യൂം ഡിസൈനറായ നിഖില്‍ ഇത് മൂന്നാമത്തെ വര്‍ഷമാണ് ചിത്രപ്രദര്‍ശനവുമായി എത്തുന്നത്. പ്രദർശനം നാലിന് സമാപിക്കും.