കാരാക്കസ്: ക്യൂബയ്ക്കു വേണ്ടി രാജ്യം വിടാനുള്ള മഡുറോയുടെ നീക്കം വിലക്കിയത് റഷ്യയാണെന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മിഷേല്‍ പോംപിയോയുടെ ആരോപണം നിഷേധിച്ച് വെനസ്വേലന്‍ പ്രസിഡന്‍റ് നിക്കോളാസ് മഡുറോ. ക്യൂബയിലേക്കു പോകാന്‍ തയ്യാറായ മഡുറോയുടെ വിമാനയാത്ര റഷ്യന്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം നിര്‍ത്തി വെയ്ക്കുകയാണെന്നായിരുന്നു പോംപിയോയുടെ ആരോപണം. എന്നാല്‍ പോംപിയോയുടെ ആരോപണം വെറും നുണപ്രചാരങ്ങളാണെന്നും കൃത്രിമമായി സൃഷ്ടിച്ചെടുത്തതാണെന്നും മഡുറോ കുറ്റപ്പെടുത്തി. റഷ്യന്‍ വിദേശകാര്യമന്ത്രാലയത്തിന്‍റെ വക്താവ് മരിയ സാഖറോവ ഈ ആരോപണങ്ങള്‍ മുമ്പു തന്നെ നിഷേധിച്ചിരുന്നു. വെനസ്വേലന്‍ പട്ടാളത്തിന്‍റെ ആത്മവീര്യം കെടുത്താനുള്ള ശ്രമങ്ങളാണ് വാഷിംഗ്ടണ്‍ നടത്തുന്നതെന്നും ആശയപരമായ യുദ്ധത്തിന്‍റെ ഭാഗമായി വ്യാജപ്രചാരണങ്ങള്‍ പടച്ചുവിടുകയാണെന്നും സാഖറോവ പ്രസ്താവിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഏറെ കലുഷിതമായ അന്തരീക്ഷത്തിലൂടെയാണ് വെനസ്വേല കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ലാ കാര്‍ലോട്ട മിലിട്ടറി എയര്‍ബേസില്‍ വച്ചുണ്ടായ സംഘര്‍ഷങ്ങളില്‍ 72 ലധികം ആളുകള്‍ക്കാണ് പരിക്കേറ്റത്.