ബിജെപി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയെ തഴഞ്ഞ് രാം നാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കിയത് പട്ടികവിഭാഗങ്ങളുടെ വോട്ടുറപ്പിക്കാനാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പാക്കിയ ശേഷമാണ് ബിജെപി എല്‍.കെ അദ്വാനിയെ തഴഞ്ഞ് രാം നാഥ് കോവിന്ദിനെ രാഷ്ട്രപതിയായി നിയമിച്ചത് . ഇത് സംസ്ഥാനത്ത് ഏറെ സ്വാധീനമുള്ള കോലി സമുദായത്തിന്‍റെ വോട്ടുകള്‍ ലക്ഷ്യമിട്ടാണെന്നും അശോക് ഗെഹ്ലോട്ട് ജയ്പൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ 91 ലോക്സഭാ സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഗെഹ്ലോട്ടിന്‍റെ പ്രസ്താവന. പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
നേരത്തേ 2017 ജൂണില്‍ രാഷ്ട്രപതിയായി കോവിന്ദിനെ പ്രഖ്യാപിച്ചതിന് പിന്നാലെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും സമാന ആരോപണം ഉന്നയിച്ചിരുന്നു. ബിജെപി നേതാക്കളായ എല്‍.കെ അദ്വാനിയും സുഷമ സ്വരാജിനേയും തഴഞ്ഞ് ദളിത് മോര്‍ച്ച നേതാവെന്ന പരിഗണന മാത്രം നല്‍കിയാണ് രാം നാഥ് കോവിന്ദിനെ തെരഞ്ഞെടുത്തതെന്നായിരുന്നു മമതയുടെ വിമര്‍ശനം. നേരത്തേ ബീഹാര്‍ ഗവര്‍ണറായിരുന്നു കോവിന്ദ്.