തിരുവനന്തപുരം: ഒന്നര മാസത്തിലേറെ നീണ്ട തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശത്തോടെ സമാപനം. ഇന്ന് വൈകിട്ട് ആറിന് പരസ്യ പ്രചാരണത്തിന് തിരശീലവീഴും. നിശബ്ദ പ്രചാരണമായ നാളെ വോട്ടർമാരെ നേരിൽ കണ്ട് അവസാനവട്ട വോട്ട് ഉറപ്പിക്കുന്ന തിരക്കിലാകും സ്ഥാനാർഥികളും പ്രവർത്തകരും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ, കോൺഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കേന്ദ്ര മന്ത്രിമാർ തുടങ്ങിയവരാണ് പ്രചാരണത്തിൽ കേരളത്തിൽ കളം പിടിച്ചത്. പതിവിന് വിപരീതമായി റോഡ് ഷോകളിലൂടെയാണ് സ്ഥാനാർഥികൾ വോട്ടർമാരുടെ മനംകവരാൻ ശ്രമിച്ചത്. ഇന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണി, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മറ്റ് നേതാക്കൾ എന്നിവർ പങ്കെടുക്കുന്ന റോഡ് ഷോയോടെ പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങും. നാളെ നിശബ്ദ പ്രചാരണം. 23-ന് രാവിലെ ഏഴ് മുതൽ പതിനേഴാം ലോകസഭയിലേക്ക് കേരളത്തിൽ നിന്നുള്ള പ്രതിനിധികൾക്കായി കേരളം വിധിയെഴുതും.