ന്യൂഡല്‍ഹി: ഐപിഎല്ലില്‍ കൊവിഡിന് കാരണം മത്സരങ്ങള്‍ക്കായി ടീമുകള്‍ നടത്തിയ യാത്രകളെന്ന സൂചന നല്‍കി ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ബയോ ബബിളിനുള്ളില്‍ കൊവിഡ് വരാന്‍ ഇടയായ കാരണം വിലയിരുത്തുകയായിരുന്നു അദ്ദേഹം. കൊവിഡ് പടരാന്‍ ഇടയായ സാഹചര്യത്തെ കുറിച്ച് വിശദമായി അന്വേഷിക്കും. ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നടത്താനുള്ള വിന്‍ഡോ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിസിസിഐ. ടി20 ലോകകപ്പ് ഉള്‍പ്പെടെ പരിഗണിച്ചാകും ഐപിഎല്ലിനായി പുതിയ വിന്‍ഡോ തയാറാക്കുക. ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലായാണ് ഇത്തവണ ടി20 ലോകകപ്പെന്നും ഗാംഗുലി പറഞ്ഞു.
read more: മലേറിയ കൊണ്ടുപോയത് നാല് കിലോ: ഒബുമയാങ്
കഴിഞ്ഞ തവണ യുഎഇയില്‍ ഐപിഎല്‍ നടത്തിയപ്പോള്‍ മൂന്ന് വേദികള്‍ മാത്രമാണുണ്ടായിരുന്നതെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. അവിടെ അടുത്തടുത്ത എമിറേറ്റ്‌സിലാണ് സ്റ്റേഡിയങ്ങള്‍. അതിനാല്‍ ടീം അംഗങ്ങള്‍ക്ക് വിമാന യാത്ര നടത്തേണ്ട സാഹചര്യം ഉണ്ടായില്ല. എന്നാല്‍ പതിനാലാം പതിപ്പില്‍ ഈ സാഹചര്യങ്ങള്‍ക്ക് മാറ്റം വന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ പ്രതിദിന കൊവിഡ് നിരക്കിലുണ്ടായ വര്‍ധനവില്‍ ആശങ്ക രേഖപ്പെടുത്തിയ ഗാംഗുലി സ്ഥിതി നിയന്ത്രണാതീതമാണെന്നും അഭിപ്രായപ്പെട്ടു.
read more: കൊവിഡ് രോഗികള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ പഠാന്‍ സഹോദരന്മാര്‍
മൂന്ന് ഫ്രാഞ്ചൈസികളിലായി അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഐപിഎല്‍ മാറ്റിവയ്‌ക്കേണ്ടി വന്നത്. കൊല്‍ക്കത്തയുടെയും ചെന്നൈയുടെയും രണ്ടും ഹൈദരാബാദിന്‍റെ ഒരു താരത്തിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന് ശേഷം ഡല്‍ഹിയുടെ അമിത് മിശ്രയ്ക്കും ചെന്നൈയുടെ ബാറ്റിങ് പരിശീലകന്‍ മൈക്ക് ഹസിക്കും രോഗം സ്ഥിരീകരിച്ചു.