മെല്‍ബണ്‍: കൊവിഡ് പശ്ചാത്തലത്തില്‍ ഐപിഎല്ലിന്‍റെ ഭാഗമായി ഇന്ത്യയില്‍ തുടരുന്ന ഓസ്‌ട്രേലിയന്‍ താരങ്ങളുടെ കാര്യത്തില്‍ അതീവ ജാഗ്രതയെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ. വിഷയത്തില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാരില്‍ നിന്നുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെ ബോര്‍ഡ് സ്വീകരിക്കും. നിലവില്‍ താരങ്ങളെ തിരിച്ചുവിളിക്കുന്ന നിലപാടിലേക്ക് ഓസ്‌ട്രേലിയ എത്തിയിട്ടില്ല. അതേസമയം ഇന്ത്യക്കാരുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അധികൃതര്‍ വ്യക്തമാക്കി.
കൊവിഡ് പശ്ചാത്തലത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ബയോ സെക്വയര്‍ ബബിളിനുള്ളിലാണ് ഇത്തവണ ഐപിഎല്‍ നടക്കുന്നത്. ഐപിഎല്ലിനിടെ ഇതിനകം ജോഷ് ഹേസില്‍വുഡ്, ആന്‍ഡ്രൂ ടൈ, ആദം സാംപ, കെയിന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നീ ഓസിസ് താരങ്ങള്‍ സ്വദേശത്തേക്ക് മടങ്ങി. ഇന്ത്യന്‍ സ്‌പിന്നര്‍ രവി അശ്വിനും ഐപിഎല്ലില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. കൊവിഡ് പശ്ചാത്തലവും ബയോ സെക്വയര്‍ ബബിളിനുള്ളിലെ മാനസിക സമ്മര്‍ദവുമാണ് താരങ്ങളെ ഐപിഎല്ലില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്.
കൊവിഡ് സമ്മര്‍ദത്തിലായ കുടുംബത്തോടൊപ്പം കഴിയാന്‍ വേണ്ടിയാണ് അശ്വിന്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്നും മാറിനില്‍ക്കുന്നത്. ബയോ സെക്വയര്‍ ബബിളിന് പുറത്ത് പോകുന്നവര്‍ക്ക് ക്വാറന്‍റൈന്‍ കാലവധി പൂര്‍ത്തിയാക്കിയ ശേഷമെ തിരിച്ചെത്താന്‍ സാധിക്കൂ. അതിനാല്‍ തന്നെ അശ്വിന്‍റെ തിരിച്ചുവരവിന് ഉള്‍പ്പെടെ സമയമെടുക്കും.