റോം: ഇറ്റാലിയന്‍ സീരി എയില്‍ പാര്‍മക്കെതിരായ മത്സരത്തില്‍ ഇന്‍റര്‍മിലാന് ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയം. മത്സരത്തില്‍ ഉടനീളം ഇന്‍റര്‍മിലാനെ പ്രതിരോധിച്ച പാര്‍മ ആദ്യ പകുതിയിലെ 15-ാം മിനിട്ടില്‍ ഐവറിയുടെ ജെര്‍വിന്യോയിലൂടെ ലീഡ് സ്വന്തമാക്കി. എന്നാല്‍ രണ്ടാം പകുതിയില്‍ ഇന്‍റര്‍മിലാന്‍ തിരിച്ചടിച്ചു. 84ാം മിനിറ്റില്‍ സ്റ്റഫന്‍ വിര്‍ജും 87-ാം മിനിട്ടില്‍ അലസാന്‍ഡ്രോ ബസ്റ്റോണിയും ഇന്‍ററിന് വേണ്ടി ഗോളുകള്‍ നേടി. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഇന്‍റര്‍മിലാന്‍ 61 പോയിന്‍റുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ്. കൊവിഡ് 19നെ തുടര്‍ന്ന് പുനരാരംഭിച്ച ലീഗില്‍ ഇതിനകം കളിച്ച മൂന്ന് മത്സരങ്ങളിലും ഇന്‍റര്‍ പരാജയം അറിഞ്ഞിട്ടില്ല.
ജൂലായ് ഒന്നാം തീയതി നടക്കുന്ന മത്സരത്തില്‍ ഇന്‍റര്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ 19ാം സ്ഥാനത്തുള്ള ബ്രഷയെ നേരിടും. അതേസമയം പാര്‍മ ജൂലായ് രണ്ടിന് നടക്കുന്ന അടുത്ത മത്സരത്തില്‍ വെറോണയെ നേരിടും.