ഭുവനേശ്വർ: ഫാനി ചുഴലിക്കാറ്റ് വീശിയടിച്ച ഒഡീഷയിലെ ഭുവനേശ്വറില്‍ കൂറ്റൻ ക്രെയിൻ നിലംപതിച്ചു. വൻ അപകടം ഒഴിവായെങ്കിലും ക്രെയിൻ തകർന്നു വീഴുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലാണ് ഒഡിഷയില്‍ ഫാനി ചുഴലിക്കാറ്റ് വീശിയത്. ചുഴലി കാറ്റിന്‍റെ ആഘാതത്തിൽ തകർന്ന ക്രെയിൻ സമീപത്തെ വീടുകളുടെ മുകളിലേക്ക് വീഴുകയായിരുന്നു. ഇന്ത്യയിൽ 20 വർഷത്തിനിടയിലുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ ഫാനി കിഴക്കൻ തീരത്തെ ഇളക്കി മറിച്ചു.
ചുഴലിക്കാറ്റ് ഏറ്റവും ഭീകരമായ രീതിയിൽ ബാധിച്ചത് ഒഡീഷയെയാണ്. മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചെങ്കിലും ഏഴ് പേർ ചുഴലിക്കാറ്റില്‍ മരിച്ചതായി സൂചനയുണ്ട്. അതിശക്തമായ കാറ്റിനെ തുടര്‍ന്ന് വൻവൃക്ഷങ്ങൾ കടപുഴകി വീഴുകയും വീടുകൾ തകരുകയും ചെയ്തിട്ടുണ്ട്. പലയിടത്തും വൈദ്യുതി വിതരണം സ്തംഭിച്ചു. ഏകദേശം 11 ലക്ഷത്തോളം പേരെ മാറ്റി പാർപ്പിച്ചു. ഒഡീഷ തീരത്ത് കാറ്റിന്റെ തീവ്രത കുറഞ്ഞെന്നും കാറ്റ് പശ്ചിമ ബംഗാൾ തീരത്തേക്ക് മാറി തുടങ്ങിയെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ